Ads

header ads

ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യ


ഇന്ത്യ, ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ ഇൻഡോറിൽ തുടക്കമാവും. ആദ്യ രണ്ട് ടെസ്റ്റും ജയിച്ച് ബോർഡർ ഗാവസ്കർ ട്രോഫി സ്വന്തമാക്കിയ ഇന്ത്യ ജൂണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുക. ഇൻഡോറിൽ ജയിച്ചാൽ ഇന്ത്യയിൽ തുടർച്ചയായ പതിനാറാം പരമ്പര വിജയവും ഇന്ത്യക്ക് സ്വന്തമാക്കാം.

ഫോം നഷ്ടമായ കെ എൽ രാഹുലിന് പകരം ശുഭ്മാൻ ഗിൽ ഓപ്പണറാവുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. അശ്വിൻ, ജഡേജ സ്പിൻ ജോഡിയാണ് ആദ്യ രണ്ട് ടെസ്റ്റിലും ഓസീസിനെ തകർത്തത്. ആകെ വീണ 40 ഓസീസ് വിക്കറ്റുകളിൽ 32ഉം ഇരുവരും പങ്കിട്ടെടുത്തു. പരമ്പരയിലെ ഏകസെഞ്ച്വറിക്കുടമ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയാണ്.

നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ഡേവിഡ് വാർണർ, ജോഷ് ഹെയ്സൽവുഡ് എന്നിവരില്ലാതെയാണ് ഓസീസ് ഇറങ്ങുക. സ്റ്റീവ് സ്മിത്താണ് താൽക്കാലിക നായകൻ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍