Ads

header ads

പ്രൈം വോളി ലീഗ്: അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ചാമ്പ്യൻമാർ

 


കൊച്ചി: അഞ്ചുസെറ്റ് ത്രില്ലറില്‍ ബെംഗളൂരു ടോര്‍പ്പിഡോസിനെ തോല്‍പ്പിച്ച് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന്  പ്രൈം വോളിബോള്‍ ലീഗ് കിരീടം. കൊച്ചി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ രണ്ടിനെതിരെ മൂന്ന് സെറ്റിന് ജയിച്ചാണ് ഡിഫന്‍ഡേഴ്‌സിന്റെ കന്നിക്കിരീടം. സ്‌കോര്‍: 15-7, 15-10, 18-20, 13-15, 15-10. ആദ്യസീസണിന്റെ ഫൈനലില്‍ ഡിഫന്‍ഡേഴ്‌സ് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനോട് തോറ്റിരുന്നു.

ഇരു ടീമുകളും സ്പൈക്കുകളോടെ ഒപ്പത്തിനൊപ്പമാണ് കളി തുടങ്ങിയത്. എന്നാല്‍ പതുക്കെ ബംഗളൂരു കളംപിടിച്ചു. പങ്കജ് മിന്നുന്ന സ്പൈക്കുമായി ലീഡൊരുക്കി. എന്നാല്‍ അഹമ്മദാബാദ് ഗംഭീരമായി തിരിച്ചെത്തി. ഡാനിയല്‍ മൊതാസെദിയുടെ വമ്പന്‍ ബ്ലോക്കുകള്‍ അഹമ്മദാബാദിനെ മുന്നില്‍ കൊണ്ടുവന്നു. സെറ്റ് 8-5ന് അഹമ്മദാബാദ് മുന്നിലെത്തി. ഇടയ്ക്ക് ജിഷ്ണുവിന്റെ സ്പൈക്ക് അഹമ്മദാബാദിന്റെ പ്രതിരോധം തകര്‍ത്തെങ്കിലും മൊയെതാസെദിയുടെ മികവ് ബംഗളൂരിവിനെ തടഞ്ഞു. അവര്‍ ലീഡുയര്‍ത്തി. മൊയെതാസെദി കരുത്തുറ്റ സ്പൈക്കില്‍ ബംഗളൂരു പിടഞ്ഞു. ഒടുവില്‍ ഈ ഇറാന്‍ താരത്തിന്റെ സെര്‍വ് ബംഗളൂരുവിന്റെ പ്രതിരോധത്തില്‍ തട്ടിത്തറിച്ചതോടെ സെറ്റ് 15-7ന് ആധികാരികമായി അഹമ്മദാബാദ് സ്വന്തമാക്കി.

രണ്ടാം സെറ്റിലും മികച്ച തുടക്കമായിരുന്നു അഹമ്മദാബാദിന്. അംഗമുത്തുവിന്റെ സ്പൈക്കിന് ട്രിപ്പിള്‍ ബ്ലോക്കുമായി ബംഗളൂരു തടയിടയാന്‍ ശ്രമിച്ചെങ്കിലും അത് പുറത്തേക്കായി. പങ്കജിലൂടെ ബംഗളൂരു തിരിച്ചുവരാന്‍ ശ്രമിച്ചു. വൈശാഖിന്റെ ബ്ലോക്ക് അവരെ ഒപ്പമെത്തിച്ചു.അംഗമുത്തുവിന്റെ സ്പൈക്ക് തടഞ്ഞ് ലീഡും നേടി. കളി ഒപ്പത്തിനൊപ്പം മുന്നേറി. മുജീബിന്റെ സ്പൈക്കിന് നന്ദഗോപാലിലൂടെ അഹമ്മദബാദിന്റെ മറുപടി വന്നു. സന്തോഷിന്റെ സ്പൈക്ക് ബംഗളൂരുവിന്റെ പ്രതിരോധം ചിതറിച്ചതോടെ അഹമ്മദാബാദ് ലീഡുയര്‍ത്തി. മനോജും സന്തോഷും ചേര്‍ന്നുള്ള ബ്ലോക്കുകളും ബംഗളൂരുവിനെ തളര്‍ത്തി. ഇടയ്ക്ക് ക്യാപ്റ്റന്‍ പങ്കജിന്റെ സ്പൈക്കില്‍ ബംഗളൂരു തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും അംഗമുത്തുവിന്റെ മിന്നുന്ന നീക്കങ്ങളില്‍ പിടിച്ചുനില്‍ക്കാനായില്ല. അഹമ്മദാബാദ് 13-9ന് മുന്നേറി. ഒടുവില്‍ തകര്‍പ്പനൊരു റാലിക്കൊടുവില്‍ മുത്തുസ്വാമിയൊരുക്കിയ അവസരത്തില്‍ അംഗമുത്തു തൊടുത്തതോടെ രണ്ടാം സെറ്റ് 15-10ന് അഹമ്മദാബാദിന്റെ പേരിലായി.

മൂന്നാം സെറ്റില്‍ തുടര്‍ച്ചയായി ആറ് പോയിന്റുകള്‍ നേടി ബംഗളൂരു മുന്നേറി. ആക്രണാത്മകമായി കളിച്ച അവര്‍ അഹമ്മദാബാദിന് ഒരു അവസരവും നല്‍കിയില്ല. സേതുവിന്റെ സൂപ്പര്‍ പോയിന്റിലൂടെ നേട്ടം വര്‍ധിപ്പിച്ചു. നന്ദയുടെ സ്പൈക്കിലൂടെയായിരുന്നു അഹമ്മദാബാദിന്റെ ആദ്യ പോയിന്റ്. പിന്നാലെ തുടര്‍ച്ചയായ മൂന്നു പോയിന്റുകളുമായി അഹമ്മദാബാദ് തിരിച്ചുവന്നു. എന്നാല്‍ മത്സരത്തില്‍ ബംഗളൂരു നിയന്ത്രണം നിലനിര്‍ത്തി. 9-5ന് അവര്‍ ലീഡ് നേടി. അംഗമുത്തുവിന്റെ ആക്രമണത്തിനിടയിലും ബംഗളൂരു ലീഡ് വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. മൊയെതാസെദിയുടെ മനോഹര സ്പൈക്കില്‍ അഹമ്മദാബാദ് ലീഡ് കുറയ്ക്കാന്‍ ശ്രമിച്ചു. 11-8 എന്ന നിലയില്‍ അപ്പോഴും ബംഗളൂരു നിയന്ത്രണം നേടി. സന്തോഷിന്റെ സ്പൈക്കില്‍ അഹമ്മദാബാദ് സെറ്റ് 10-11 എന്ന നിലയിലാക്കി. തകര്‍പ്പന്‍ തിരിച്ചുവരവായിരുന്നു പിന്നെ കണ്ടത്. ബംഗളൂരുവിന്റെ പ്രതിരോധം വിളറി. സ്‌കോര്‍ 12-12. സേതുവിന്റെ സ്പൈക്ക് ദിശ തെറ്റിയതോടെ അഹമ്മദാബാദിന് ലീഡ്. എന്നാല്‍ ബംഗളൂരു വിട്ടുകൊടുത്തില്ല. അവര്‍ സെറ്റ് പോയിന്റിന് അരികെയത്തി. മറുവശത്ത് സന്തോഷിന്റെ സ്‌പൈക്കില്‍ അഹമ്മദാബാദ് തിരിച്ചുവന്നു. കളി ആവേശകരമായി സ്‌കോര്‍ 15-15. എന്നാല്‍ അലിറെസ അബലൂച്ചിന്റെ പിഴവില്‍ ബംഗളൂരു പിന്നിലായി. മറുവശത്ത് മൊയെതാസെദിയുടെ കൈയില്‍ തട്ടി പന്ത് പുറത്തുപോയതോടെ അഹമ്മദാബാദിന്റെ ലീഡ് പോയി. എന്നാല്‍ പിഴവിന് തകര്‍പ്പന്‍ സ്പൈക്കിലൂടെയായിരുന്നു മൊയെതാസെദിയുടെ മറുപടി. അഹമ്മദാബാദ് വീണ്ടും മാച്ച് പോയിന്റ് അരികെയെത്തി. പക്ഷേ, ബംഗളൂരു വിട്ടുകൊടുത്തില്ല. സ്‌കോര്‍ 17-17. സേതുവിന്റെ മികവില്‍ ബംഗളൂരു സ്‌കോര്‍ 18-17ല്‍ എത്തിച്ചു. കളി ആവേശകരമായി മുന്നേറി. എന്നാല്‍ സന്തോഷിന്റെ സ്പൈക്ക് ദിശ തെറ്റിയതോടെ സെറ്റ് ബംഗളൂരുവിന്റെ കൈയിലായി. 20-18ന്റെ ആവേശജയം.

നാലാം സെറ്റില്‍ തുടര്‍ച്ചയായ മൂന്ന് പോയിന്റുകളുമായി അഹമ്മദാബാദ് തുടങ്ങി. അംഗമുത്തു നിറഞ്ഞാടിയപ്പോള്‍ സ്‌കോര്‍ 5-3 എന്ന നിലയിലായി.പങ്കജ് ശര്‍മയിലൂടെ ബംഗളൂരുവും ആക്രമിച്ചു. അലിറെസ അബലൂച്ചും ചേര്‍ന്നതോടെ ബംഗളൂരു ലീഡ് കുറച്ചു. എന്നാല്‍ മൊയെതാസെദിയുടെ കണ്ണഞ്ചിപ്പിക്കുന്ന സ്പൈക്ക് കളിയില്‍ അഹമ്മദാബാദിന്റെ നിയന്ത്രണം നിലനിര്‍ത്തി. ആവേശകരമായ റാലിക്കൊടുവില്‍ സന്തോഷിന്റെ പിഴവിലൂടെ ബംഗളൂരു ഒപ്പമെത്തി. സന്തോഷും മനോജും ചേര്‍ന്നുള്ള ഇരട്ടബ്ലോക്ക് അബലൂച്ചിനെ തടഞ്ഞപ്പോള്‍ അഹമ്മദാബാദ് വീണ്ടും സെറ്റില്‍ നിയന്ത്രണംനേടി. എന്നാല്‍ സൂപ്പര്‍ പോയിന്റ് അവസരത്തില്‍ അംഗമുത്തുവിന് വലിയ പിഴവ് സംഭവിച്ചതൊടെ അഹമ്മദാബാദ് 11-12ന് പിന്നിലായി. അംഗമുത്തുവിന്റെ സ്‌പൈക്ക് തടഞ്ഞ് മുജീബ് ബംഗളുരൂവിന്റെ പ്രതീക്ഷ സജീവമാക്കി. ഒടുവില്‍ മുജീബിന്റെ സൂപ്പര്‍ സെര്‍വ് ബംഗളൂരുവിന് നാലാം സെറ്റ് 15-13ന് നല്‍കി. പിന്നിട്ടുനിന്ന ശേഷം രണ്ട് സെറ്റ് പിടിച്ചെടുത്ത് ബംഗളൂരു കളി വരുതിയിലാക്കി.

നിര്‍ണായകമായ അഞ്ചാം സെറ്റില്‍ അംഗമുത്തുവിന്റെ സ്പൈക്കുകളിലൂടെ അഹമ്മദാബാദ് 5-2ന് ലീഡ് നേടി. അവരുടെ ബ്ലൊക്കിങ്ങും മികച്ചതായി. സേതുവിന്റെ പ്രതിരോധ മികവിലൂടെ ബംഗളൂരു ലീഡ് കുറയ്ക്കാന്‍ തുടങ്ങി. എന്നാല്‍ കഴിഞ്ഞ രണ്ട് സെറ്റുകളിലും സംഭവിച്ച പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ അഹമ്മദാബാദ് ശ്രമിച്ചു. അവര്‍ 11-7ന് ലീഡുയര്‍ത്തി. സന്തോഷിന്റെ സൂപ്പര്‍ സെര്‍വില്‍ കളിപിടിച്ച അവര്‍ 15-10ന് വിജയവും കിരീടവും സ്വന്തമാക്കി.


Summary:  Ahmedabad Defenders clinched the trophy in the second season of RuPay Prime Volleyball League powered by A23 with a 15-7, 15-10, 18-20, 13-15, 15-10 win over the Bengaluru Torpedoes at the Regional Sports Centre, Kochi on Sunday. Angamuthu was named the player of the match for his dominating show.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍