Ads

header ads

പ്രൈം വോളി: കൊച്ചി ജയിച്ചു, ബെംഗളൂരു സെമിയില്‍


കൊച്ചി: പ്രൈം വോളിബോള്‍ ലീഗിലെ രണ്ടാം സീസണ്‍ ജയത്തോടെ അവസാനിപ്പിച്ച് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സെമി സ്വപ്‌നവുമായി എത്തിയ മുംബൈ മിറ്റിയോര്‍സിനെ 04-01 ന് തോല്‍പ്പിച്ചു. സ്‌കോര്‍: 15-14, 15-11 15-12, 12-15, 15-10. മുംബൈയുടെ തോല്‍വി ബെംഗളൂരു ടോര്‍പ്പിഡോസിന് സെമിഫൈനലിലേക്കുള്ള വഴിയൊരുക്കി. 

അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്, കാലിക്കറ്റ് ഹീറോസ് ടീമുകള്‍ നേരത്തെ സെമി ഉറപ്പാക്കിയിരുന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം നേടിയ കൊച്ചി നാലുപോയിന്റുമായി ടേബിളില്‍ ഏഴാം സ്ഥാനക്കാരായി. കേരള ബ്ലാസ്‌റ്റേഴ്‌സ് മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്, നടനും സംവിധായകനുമായ ബേസില്‍ ജോസഫ് എന്നിവര്‍ അവസാന മത്സരത്തില്‍ കൊച്ചിക്ക് പിന്തുണയുമായി സ്‌റ്റേഡിയത്തിലെത്തി.

സെമി ഉറപ്പാക്കാന്‍ അഞ്ച് സെറ്റ് ലക്ഷ്യവുമായി ഇറങ്ങിയ മുംബൈ തുടക്കത്തില്‍ ലീഡെടുത്തു. എം.ഷമീമുദ്ദീനും അമിത് ഗുലിയയും മുംബൈയെ നയിച്ചു. എന്നാല്‍ രോഹിത്കുമാറിന്റെ തകര്‍പ്പന്‍ സ്‌പൈക്കുകള്‍ക്ക് മുംബൈക്ക് മറുപടിയുണ്ടായില്ല. എറിന്‍ വര്‍ഗീസും ചേര്‍ന്നതോടെ മിറ്റിയോര്‍സ് പതറി. ഒപ്പത്തിനൊപ്പം നിന്ന സെറ്റില്‍ സൂപ്പര്‍ പോയിന്റിലൂടെ കൊച്ചി ലീഡെടുത്തു. പിന്നാലെ മുംബൈക്കും സൂപ്പര്‍ പോയിന്റ് ലഭിച്ചു. 14-14ല്‍ നില്‍ക്കെ ആദ്യ സെറ്റ് നേടി കൊച്ചി മുംബൈയുടെ സെമിമോഹങ്ങള്‍ തകര്‍ത്തു. 

രണ്ടാം സെറ്റിലും കാര്യങ്ങള്‍ കൊച്ചിക്ക് അനുകൂലമായി. ശുഭം ചൗധരിയുടെ സ്‌പൈക്കുകള്‍ മിറ്റിയോര്‍സിനെ വിറപ്പിച്ചു. രോഹിതും വാള്‍ട്ടറും പോയിന്റ് വേട്ട തുടര്‍ന്നു. അബ്ദുല്‍ റഹീമും അമിത് ഗുലിയയും മുംബൈയെ ഒപ്പമെത്തിക്കാന്‍ ശ്രമിച്ചു. സൂപ്പര്‍ സെര്‍വിലൂടെ തിരിച്ചുവരവിന് ശ്രമിച്ച മിറ്റിയോര്‍സിനെ സൂപ്പര്‍ സ്മാഷുകളില്‍ കൊച്ചി പിന്നിലാക്കി. 11-15ന് രണ്ടാം സെറ്റും ബ്ലൂ സ്‌പൈക്കേഴ്‌സ് നേടി.


അമിതിന്റെ സ്‌പൈക്കുകള്‍ കൊച്ചി തടഞ്ഞിട്ടു. ബി.എസ് അഭിനവിന്റെ സ്മാഷും ബ്ലോക്കും കൊച്ചിക്ക് ലീഡ് നല്‍കി. ഷമീമുദ്ദീനിലൂടെ മുംബൈ തിരിച്ചടിച്ചു. 4-4ന് സ്‌കോര്‍ തുല്യമാക്കിയ അവര്‍ 7-4ന് ലീഡും നേടി. ഹിരോഷിയും ആക്രമണ റോളിലെത്തിയതോടെ സമ്മര്‍ദം കൊച്ചിക്കായി. എറിന്റെ സ്മാഷില്‍ ബ്ലൂ സ്‌പൈക്കേഴ്‌സ് സൂപ്പര്‍ പോയിന്റ് നേടിയെങ്കിലും അനാവശ്യ പിഴവുകള്‍ മിറ്റിയോര്‍സിന്റെ ലീഡ് നിലനിര്‍ത്തി. ഹിരോഷി ജ്വലിച്ചു, അഭിനവും രോഹിത്തും വന്‍മതില്‍ തീര്‍ത്തതോടെ 11-11ന് കൊച്ചി ഒപ്പമെത്തി. 

തുടര്‍ച്ചയായ പോയിന്റുകള്‍ നേടിയ സ്‌പൈക്കേഴ്‌സ് ഉജ്വലമായൊരു ബ്ലോക്കിലൂടെ മൂന്നാം സെറ്റും സ്വന്തമാക്കി. ഹിരോഷിയുടെ സ്‌പൈക്കുകള്‍ കൊച്ചിയെ ചിതറിച്ചു. അമിതും റഹീമും ചേര്‍ന്നതോടെ അവര്‍ അതിവേഗം കുതിച്ചു. ശുഭം ചൗധരിയും ഫായിസും ചേര്‍ന്ന് മുംബൈയെ കടന്നാക്രമിച്ചു. സൂപ്പര്‍ പോയിന്റും എതിരാളികളുടെ അനാവശ്യ പിഴവും മുംബൈക്ക് അനുകൂലമായി. ജിബിന്റെ സ്മാഷ് പിഴച്ചതോടെ 15-12ന് മുംബൈ നാലാം സെറ്റ് നേടി. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയാണ് കൊച്ചി അവസാന സെറ്റ് ജയിച്ചത്.

പ്രൈം വോളിബോള്‍ ലീഗില്‍ ഇന്ന്  തുല്യശക്തികളുടെ പോരാട്ടം. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ് രണ്ടാം സ്ഥാനക്കാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെ നേരിടും. റൗണ്ട് റോബിന്‍ ലീഗിലെ അവസാന മത്സരം കൂടിയാണിത്. ഇരുടീമുകളും നേരത്തെ സെമിയില്‍ പ്രവേശിച്ചിരുന്നു. 

ആദ്യ സീസണില്‍ അഹമ്മദാബാദിനെ തോല്‍പിച്ചാണ് കൊല്‍ക്കത്ത കിരീടം ചൂടിയത്. ഇന്ന് ജയിക്കാനായാല്‍ കൊല്‍ക്കത്തക്ക് പോയിന്റ് ടേബിളില്‍ ഒന്നാമന്‍മാരായി സെമി കളിക്കാം. ആറ് മത്സരങ്ങളില്‍ നിന്ന് അഹമ്മദാബാദിന് പതിനൊന്നും, കൊല്‍ക്കത്തക്ക് പത്ത് പോയിന്റുമാണുള്ളത്. വെള്ളി, ശനി ദിവസങ്ങളിലാണ് സെമിഫൈനലുകള്‍. ഞായറാഴ്ച കിരീടപ്പോരാട്ടം.


Kochi Blue Spikers ended their campaign in the second season of the RuPay Prime Volleyball League powered by A23 with a 15-14, 15-11, 15-12, 12-15, 15-10 win over the Mumbai Meteors at the Regional Sports Centre, Kochi on Wednesday. With the result, the Mumbai Meteors were knocked out of the competition, while Bengaluru Torpedoes confirmed a spot in the playoffs. Rohit Kumar was named the Player of the Match for his dominating showing.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍