ബാഴ്സലോണയുടെയും അൽ ഹിലാലിന്റെയും പ്രീമിയർ ലീഗ് ക്ലബുകളുടെയും മത്സരത്തെ അതിജീവിച്ചാണ് ഡേവിഡ് ബെക്കാമിന്റെ ഇന്റർ മയാമി ലിയണൽ മെസ്സിയെ അമേരിക്കയിൽ എത്തിച്ചത്. ബെക്കാമും സംഘവും വർഷങ്ങളായി മെസ്സിയെ സ്വന്തമാക്കാൻ നടത്തിയ ശ്രമങ്ങൾ വെറുതെയായില്ലെന്ന് രണ്ടുദിവസം കൊണ്ട് വ്യക്തമായി.
തുടർച്ചയായി പതിനൊന്ന് മത്സരങ്ങളിൽ വിജയമില്ലാതെ പ്രയാസപ്പെട്ട ഇന്റർ മയാമിയെ മെസ്സി തന്റെ ആദ്യമത്സരത്തിൽ തന്നെ വിജയവഴിയിൽ എത്തിച്ചു. അതും ഇഞ്ചുറി ടൈമിലെ വിസ്മയ ഗോളിലൂടെ. രണ്ടാം മത്സരത്തിൽ രണ്ടുഗോളും ഒരു അസിസ്റ്റുമായി മെസ്സി കളിക്കളം വാണു. ഇതോടെ ലോകഫുട്ബോളിൽ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതിരുന്ന ഇന്റർ മയാമിയും മേജർ ലീഗ് സോക്കറും കേന്ദ്രബിന്ദുക്കളായി.
ഇന്റർ മയാമിയുടെ കളികാണാൻ സെലിബ്രിറ്റികളടക്കമുള്ള ആരാധകരുടെ ഒഴുക്കാണ്. ടിക്കറ്റ് വില കുത്തനെ ഉയർന്നു. മാത്രമല്ല മെസ്സിയുടെ പത്താം നമ്പർ ജഴ്സി കിട്ടാനില്ലാത്ത അവസ്ഥയാണ്. മെസ്സി എത്തിയതോടെ ഇന്റർ മയാമിയുടെ ജഴ്സി വിൽപനയിൽ ഇരുപത്ത് ഇരട്ടി വർധനയാണ് ഉണ്ടായിരിക്കുന്ന്. ഇതിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ മെസ്സിയുടെ പത്താം നമ്പർ ജഴ്സിക്കാണ്.
അഡിഡാസാണ് ഇന്റർ മയാമിയുടെ ജഴ്സി നിർമിക്കുന്നത്. അഡിഡാസിന്റെയും ഇന്റർ മയാമിയുടേയും എല്ലാ സ്റ്റോറുകളിലും മെസ്സിയുടെ ജഴ്സി വിറ്റുതീർന്നു. ആവശ്യക്കാർക്ക് മെസ്സിയുടെ ജഴ്സി നൽകാൻ കഴിയാത്ത അവസ്ഥയിലാണിപ്പോൾ അഡിഡാസ്. പുതിയതായി നിർമിച്ചാൽ മാത്രമേ ഇനി മെസ്സി ജഴ്സി ആരാധകർക്ക് നൽകാൻ കഴിയുകയുള്ളൂ എന്ന് അഡിഡാസ് വ്യക്തമാക്കി.
0 അഭിപ്രായങ്ങള്‍