ലിയണൽ മെസ്സിയുടെ വരവോടെ അമേരിക്കയിലിപ്പോൾ ഫുട്ബോൾ തരംഗമാണ്. പിഎസ്ജി വിട്ട് ഇന്റർ മയാമിയിൽ എത്തിയ മെസ്സി മേജർ ലീഗ് സോക്കറിന്റെ തലവര മാറ്റിക്കഴിഞ്ഞു. ആദ്യ മത്സരത്തിൽ ഇഞ്ചുറിടൈം ഗോളിലൂടെ ടീമിനെ വിജയിപ്പിച്ച മെസ്സി രണ്ടാം മത്സരത്തിൽ രണ്ടുഗോളും ഒരു അസിസ്റ്റും നേടി ആരാധകരെ കൈയിലെടുത്തു. വമ്പൻ സെലിബ്രിറ്റികളടക്കം അമേരിക്കയിലെ മുഴുവൻ കായികപ്രേമികളും മെസ്സിയുടെ കളി കാണാനുള്ള ആവേശത്തിലാണ്. ഇന്റർ മയാമിയുടെ മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് അൻപത് ഇരട്ടിയോളമാണ് വർധിച്ചിരിക്കുന്നത്.
ഇന്റർ മയാമിക്കായി മെസ്സി രണ്ട് മത്സരങ്ങളിൽ കളിച്ചെങ്കിലും ഇതുവരെ മേജർ ലീഗ് സോക്കറിൽ താരം പന്ത് തട്ടിയിട്ടില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളും ലീഗ്സ് കപ്പിലായിരുന്നു. മേജർ ലീഗ് സോക്കറിൽ ഓഗസ്റ്റ് ഇരുപത്തിയൊന്നിന് ഷാർലറ്റ് എഫ് സിക്കെതിരെയാണ് മെസ്സിയുടെ ആദ്യമത്സരം.
ഷാർലറ്റ് എഫ്സിയുടെ മൈതാനമായ ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിലാണ് ഈ കളി നടക്കുക. ഷാർലറ്റ് എഫ്സിയുടെ ഹോംഗ്രൌണ്ടിലെ ടർഫ് കൃത്രിമമായി നിർമിച്ചതാണ്. കൃത്രിമ പുല്ലായതിനാൽ സ്വാഭാവിക പുല്ലിൽ കളിക്കുന്നതുമായി വലിയ വ്യത്യാസമാണ് ഉണ്ടാവുക. മെസ്സി കൃത്രിമ പുല്ലിൽ അധികം കളിച്ച് ശീലിച്ചിട്ടുള്ള താരമല്ല. യൂറോപ്പിലെയും അർജന്റീനയിലെയും മൈതാനങ്ങളിലെല്ലാം സ്വാഭാവിക പുല്ലാണുളളത്. ഇതുകൊണ്ടുതന്നെ കൃത്രിമപുല്ലിൽ കളിക്കുന്നത് പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ.
പല താരങ്ങളും ഇതുകൊണ്ടുതന്നെ കൃത്രിമ ടർഫിൽ കളിക്കാൻ വിസമ്മതിക്കാറുണ്ട്. മുൻപ് അമേരിക്കൻ ലീഗിൽ കളിച്ചപ്പോൾ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് വിസമ്മതിച്ചിരുന്നു. മേജർ ലീഗ് സോക്കറിലെ ആറ് ടീമുകളുടെ മൈതാനം കൃത്രിമപുല്ല് ഉപോയഗിച്ചുള്ളതാണ്. മെസ്സി കളിക്കുന്നതിനാൽ കൃത്രിമ പുല്ല് മാറ്റി സ്വാഭാവിക പുല്ല് പിടിപ്പിക്കണമെന്ന് ഷാർലറ്റ് എഫ് സിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരുതാരത്തിനായി മൈതാനത്ത് മാറ്റം വരുത്താൻ കഴിയില്ലെന്ന് ഷാർലറ്റ് എഫ് സി വ്യക്തമാക്കി. ഇതോടെ മെസ്സി ഓഗസ്റ്റ് ഇരുപത്തിയൊന്നിന് കളിക്കാൻ ഇറങ്ങുമോയെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ. കൃത്രിമപുല്ലാണെങ്കിലും മെസ്സി കളിക്കാൻ ഇറങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
0 അഭിപ്രായങ്ങള്‍