Ads

header ads

ഹൈദരാബാദ് ബ്ലാക്ക് ഹോക്സിനെ തകര്‍ത്ത് ചെന്നൈ ബ്ലിറ്റ്സിന് ആദ്യ ജയം

Chennai Blitz blaze through Hyderabad Black Hawks to get first win of the season
ചെന്നൈ:  പ്രൈം വോളിബോള്‍ ലീഗ് മൂന്നാം സീസണില്‍ ചെന്നൈ ബ്ലിറ്റ്‌സിന് ആദ്യ ജയം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ചെന്നൈ തോല്‍പ്പിച്ചത്. സ്‌കോര്‍: 16-14, 15-11, 15-7. ചെന്നൈയുടെ സമീര്‍ ആണ് കളിയിലെ താരം.

ആദ്യ മത്സരത്തിലെ വലിയ തോല്‍വിക്ക് ശേഷം എത്തിയ ചെന്നൈ ബ്ലിറ്റ്സ് ഹൈദരാബാദിനെതിരെ തന്ത്രങ്ങളില്‍ മാറ്റം വരുത്തി, മിഡില്‍ ബ്ലോക്കര്‍മാര്‍ക്ക് കളിയില്‍ കൂടുതല്‍ അവസരം നല്‍കി. അഖിന്‍ ജി.എസും ലിയാന്‍ഡ്രോ ജോസും ചേര്‍ന്ന് തുടക്കത്തില്‍ തന്നെ ഹൈദരാബാദ് ബ്ലാക്ക് ഹോക്സിന് ഭീഷണി ഉയര്‍ത്താന്‍ തുടങ്ങി. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ബ്ലാക് ഹോക്‌സ് ആദ്യ സെറ്റില്‍ തന്നെ സമ്മര്‍ദത്തിലായി, അനാവശ്യ പിഴവുകള്‍ കൂടി വരുത്തിയതോടെ കളിയുടെ നിയന്ത്രണം ചെന്നൈക്കായി.

രണ്ടാം സെറ്റില്‍ ക്യാപ്റ്റന്‍ രഞ്ജിത് സിങിന്റെ പാസിങ് മികവിലൂടെ ഹൈദരാബാദ് മികച്ച തുടക്കം കണ്ടെത്തി. എന്നാല്‍ ബ്ലിറ്റ്സിന്റെ പുതിയ സൈനിങായ സമീര്‍ തന്റെ ശക്തമായ സ്മാഷുകളിലൂടെ വീണ്ടും കളിയുടെ നിയന്ത്രണം ചെന്നൈയുടെ വരുതിയിലാക്കി. അഖിന്‍ കൂടി മികവ് തുടര്‍ന്നതോടെ ഹൈദരാബാദ് പതറി. മിഡില്‍ ബ്ലോക്കര്‍ സ്റ്റെഫാന്‍ കൊവാസെവിച്ചിനെ ഹൈദരാബാദ് കളത്തിലിറക്കിയെങ്കിലും, സര്‍വീസ് നിരയില്‍ നിന്നുള്ള ചെന്നൈയുടെ ആക്രമണോത്സുകമായ കളിയില്‍ ബ്ലാക്ക് ഹോക്സിന് പിടിച്ചുനില്‍ക്കാനായില്ല.

അവസാന സെറ്റിലും ചെന്നൈയുടെ മധ്യനിര ആധിപത്യം തുടര്‍ന്നു, ഡഗ്ലസ് ബ്യൂണോയുടെ സര്‍വീസുകള്‍ ഹൈദരാബാദിന് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തി. ചെന്നൈയുടെ ലീഡ് കുറയ്ക്കാന്‍ ബ്ലാക് ഹോക്‌സ് സൂപ്പര്‍ പോയിന്റിനായി വിളിച്ചെങ്കിലും ലക്ഷ്യം നേടാനായില്ല. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബ്ലിറ്റ്സ് നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയം സ്വന്തമാക്കി.

ലീഗില്‍ ഇന്ന്  രണ്ട് മത്സരങ്ങള്‍. വൈകിട്ട് 6.30ന് അഹമ്മദബാദ് ഡിഫന്‍ഡേഴ്‌സ് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ നേരിടും. രാത്രി 8.30ന് ബെംഗളൂരു ടോര്‍പ്പിഡോസും ഡല്‍ഹി തൂഫാന്‍സും തമ്മിലാണ് രണ്ടാം മത്സരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍