Ads

header ads

ഉദയ്, ഇതാ ഇന്ത്യയുടെ ഭാവി നായകൻ

Who is Uday Saharan? All you need to know about India's U19 captain of 2024 batch

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ആവേശ വിജയത്തോടെയാണ് ഇന്ത്യ തുടർച്ചയായ അഞ്ചാം ഫൈനലിലേക്ക് മുന്നേറിയത്. ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് തോൽപിച്ചായിരുന്നു ഇന്ത്യയുടെ കുതിപ്പ്. 244 റൺസ് പിന്തുടർന്ന ഇന്ത്യക്ക് 32 റൺസിനിടെ നാല് വിക്കറ്റ് നഷ്ടമായപ്പോൾ ദക്ഷിണാഫ്രിക്ക വിജയപ്രതീക്ഷയിലായിരുന്നു. എന്നാൽ സച്ചിൻ ദാസിനൊപ്പം ഇന്ത്യൻ നായകൻ ഉദയ് സഹറാന്റെ പോരാട്ടമാണ് ഇന്ത്യയെ രക്ഷിച്ചത്. അവസരത്തിനൊത്ത് ക്യാപ്റ്റന്റെ ഇന്നിംഗ്സ് പുറത്തെടുക്കുകയായിരുന്നു പഞ്ചാബ് താരം.

ഉദയ് സഹറാനും സച്ചിൻ ദാസും അഞ്ചാം വിക്കറ്റിന് 171 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യയുടെ തന്നെ സർഫറാസ് ഖാൻ, റിക്കി ഭൂയി കൂട്ടുകെട്ടിന്റെ 159 റൺസിന്റെ ലോകകപ്പ് റെക്കോർഡാണ് ഇരുവരും തകർത്തത്. സച്ചിൻ ദാസ് 95 പന്തിൽ 11 ഫോറും ഒരു സിക്സും ഉൾപ്പടെ 96 റൺസെടുത്തപ്പോൾ ഇന്ത്യൻ ഇന്നിംഗ്സിന്റെ നെടുന്തൂണായ ക്യാപ്റ്റൻ ഉദയ് 124 പന്തിൽ 81 റൺസാണ് നേടിയത്. ആറ് ബൌണ്ടറികൾ അടങ്ങിയതായിരുന്നു ക്യാപ്റ്റന്റെ ഇന്നിംഗ്സ്. 

ഉദയ് ടൂർണമെന്റിൽ ഉടനീളം മുന്നിൽ നിന്ന് നയിക്കുന്ന പ്രകടനമാണ് നടത്തിയത്. ബംഗ്ലാദേശിനെതിരെ 64 റൺസെടുത്ത ഇന്ത്യൻ നായകൻ അയർലൻഡിനെതിരെ നേടിയത് 75 റൺസ്. അമേരിക്കയ്ക്കെതിരെ മുപ്പത്തിയഞ്ചും ന്യൂസിലൻഡിനെതിരെ മുപ്പത്തിനാലും റൺസെടുത്ത ഉദയ് നേപ്പാളിനെതിരെ സെഞ്ച്വറിയും സ്വന്തമാക്കി. സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നും ഉദയ് സ്വന്തം പേരിൽ കുറിച്ചു.

ആറ് കളിയിൽ 389 റൺസ് നേടിയ ഉദയാണ് ലോകകപ്പിലെ ടോപ് സ്കോറർ. 64.83 ശരാശരിയിലും 78.90 സ്‌ട്രൈക്ക് റേറ്റിലുമാണ് ഇന്ത്യൻ നായകന്റെ റൺവേട്ട.

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ശോഭനമെന്ന് ഉറപ്പിക്കുന്നതാണ് അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ ആധികാരിക പ്രകടനം. ഇതിൽ ഇന്ത്യൻ നായകൻ ഉദയ്ക്കും ഏറെ അഭിമാനിക്കും. ഒപ്പം ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സൂപ്പർ താരത്തിന്റെ ഉദയംകൂടിയാണ് നമ്മൾ കണ്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍