കോപ്പ അമേരിക്കയിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ക്വാർട്ടർ ഫൈനിലേക്ക് ആധികാരികമായി മുന്നേറിയിരിക്കുയാണ് അർജന്റീന. നായകൻ ലിയണൽ മെസ്സി ഇല്ലാതെയാണ് നിലവിലെ ചാമ്പ്യൻമാർ മൂന്നാം മത്സരത്തിനിറങ്ങിയത്. എന്നിട്ടും പെറുവിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് ജയിക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞു.
പരിക്കേറ്റ മെസ്സിക്കൊപ്പം സസ്പെൻഷനിലായ കോച്ച് ലിയണൽ സ്കലോണിയും ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഇന്റർ മിലാൻ സ്ട്രൈക്കർ ലൌറ്ററോ മാർട്ടിനസിന്റെ ഇരട്ടഗോളാണ് അർജന്റീനയെ രക്ഷിച്ചത്. രണ്ടാം പകുതിയിലായിരുന്നു അർജന്റീനയുടെ രണ്ടുഗോളും. മെസ്സിയില്ലാതെ അർജന്റീനയ്ക്ക് എന്തുചെയ്യാൻ കഴിയുമെന്നായിരുന്നു ഫുട്ബോൾ ലോകത്തുണ്ടായിരുന്ന വലിയൊരു ചോദ്യം. എന്നാൽ മെസ്സിയുടെ അഭാവത്തിലും അർജന്റീനയ്ക്ക് ജയിച്ച് കയറാൻ കഴിഞ്ഞുവെന്നത് ആരാധകർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
മെസ്സി ഇല്ലാതെ ജയിക്കാൻ കഴിയുമെന്ന് അർജന്റീന തെളിയിച്ചുവെന്ന് സഹപരിശീലകൻ വാൾട്ടർ സാമുവലും അവകാശപ്പെടുന്നു. മത്സരശേഷം വാൾട്ടർ സാമുവലിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. മെസ്സി ടീമിന്റെ നായകനാണ്. മെസ്സി എപ്പോഴും ടീമിനൊപ്പം ഉണ്ടാവണെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. മെസ്സി ഇല്ലാതെയും അർജന്റീനയ്ക്ക് ജയിക്കാൻ കഴിയുമെന്ന് ഞങ്ങൾ തെളിയിച്ചു.
മെസ്സിയുള്ള ടീം ജയിക്കാനാണ് അർജന്റീന എപ്പോഴും ആഗ്രഹിക്കുന്നത്. മെസ്സിയുടെ അഭാവത്തിൽ ടീമിന്റെ കളിയുടെ ശൈലിയിൽ കാര്യമായ മാറ്റം വരുത്തേണ്ടിവന്നുവെന്നും വാൾട്ടർ സാമുവൽ പറഞ്ഞു. പെറുവിനെതിരെ രണ്ടുഗോൾ നേടിയതോടെ കോപ്പയിലെ ഗ്രൂപ്പ് ഘട്ടത്തിൽ ലൌറ്ററോയ്ക്ക് ആകെ നാല് ഗോളായി.
0 അഭിപ്രായങ്ങള്‍