യുവേഫ ചാമ്പ്യൻസ് ലീഗ്, ലാ ലീഗ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് അടുത്ത സീസണിലേക്ക് വന്പൻ സൈനിംഗാണ് നടത്തിയിരിക്കുന്നത്. ഫ്രഞ്ച് താരം കിലിയൻ എംബാപ്പേ റയൽ മാഡ്രിഡുമായി കരാറിലെത്തിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെ റയൽ സ്വന്തമാക്കിയതോടെ ചിരവൈരികളായ ബാഴ്സലോണ വലിയ സമ്മർദത്തിലാണ്.
ജൂഡ് ബെല്ലിംഗ്ഹാം, വിനിഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവർക്കൊപ്പം എംബാപ്പേ കൂടി എത്തുന്പോൾ റയൽ അതിശക്തരമാവും. ഇതുകൊണ്ടുതന്നെ റയലുമായി ഇടിച്ചുനിൽക്കുന്ന സ്ക്വാഡ് ഉണ്ടാക്കുക എന്നതാണ് ബാഴ്സ മാനേജ്മെന്റിന്റെ വെല്ലുവിളി. റയലിന്റെ വന്പൻ താരനിരയെ നേരിടാൻ മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ സ്ട്രൈക്കർ ജൂലിയൻ അൽവാരസിനെയാണ് ബാഴ്സലോണ നോട്ടമിട്ടിരിക്കുന്നത്.
എർലിംഗ് ഹാലൻഡിന്റെ സാന്നിധ്യം കാരണം സിറ്റിയിൽ പ്ലേയിംഗ് ടൈം കുറയുന്നതിൽ അൽവാരസിന് അതൃപ്തിയുണ്ട്. ഈ സാഹചര്യം മുതലെടുത്ത് അൽവാരസിനെ കാംപ് നൗവിൽ എത്തിക്കാനാണ് ബാഴ്സ പ്രസിഡന്‍റ് യുവാൻ ലപ്പോർട്ടയുടെ നീക്കം. അടുത്ത ബാഴ്സലോണ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ലപ്പോർട്ടയുടെ പ്രധാന വാഗ്ദാനം അൽവാരസിനെ ടീമിൽ എത്തിക്കുമെന്നാണ്. എന്നാൽ സാന്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ അൽവാരസിനെ ബാഴ്സലോണയ്ക്ക് കഴിയുമോയെന്നാണ് എല്ലാവരുടേയും സംശയം.
90മില്യൺ ഡോളറാണ് അൽവാരസിന്റെ മാർക്കറ്റ് വാല്യൂ. നിലവിൽ സിറ്റിയിൽ അവസരം കുറവാണെങ്കിലും അൽവാരസിനെ വിട്ടുകൊടുക്കാൻ കോച്ച് പെപ് ഗ്വാർഡിയോള തയ്യാറല്ല. കിട്ടുന്ന അവസരങ്ങളിലെല്ലാം അൽവാരസ് ഗോൾ നേടുന്നതാണ്കാരണം. സിറ്റിക്കായി 54 മത്സരങ്ങളിൽ കളിച്ച അൽവാരസ് 19 ഗോളും 13 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗിൽ 36 കളിയിൽ 11 ഗോളും ഒൻപത് അസിസ്റ്റുമാണ് അൽവാരസിന്റെ സമ്പാദ്യം.
0 അഭിപ്രായങ്ങള്‍