കോപ്പ അമേരിക്കയിൽ കിരീടം നിലനിർത്താൻ ഇറങ്ങുകയാണ് ലിയണൽ മെസ്സിയുടെ അർജന്റീന. ഈ മത്സരത്തോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കുന്ന ഏഞ്ചൽ ഡി മരിയയ്ക്ക് കിരീടത്തോടെ യാത്രയയ്പ്പ് നൽകുകയാണ് അർജന്റീനയുടെ ലക്ഷ്യം.
ഡി മരിയക്കായി കപ്പ് നേടണമെന്ന് മെസ്സി സഹതാരങ്ങളോട് ആവശ്യപ്പെട്ട് കഴിഞ്ഞു. മെസ്സി നേടിയ എല്ലാ കിരീടങ്ങളുടെയും കലാശപ്പോരിൽ ഗോൾ നേടിയ ഏകതാരമാണ് ഏഞ്ചൽ ഡി മരിയ. മെസ്സിക്കൊപ്പം എല്ലാ കിരീടങ്ങളും നേടാനും ഡി മരിയയ്ക്ക് കഴിഞ്ഞു.
ഇതുകൊണ്ടുതന്നെ ജീവിതം തനിക്ക് ആഗ്രഹിച്ചതിൽ കൂടുതൽ അധികം നേട്ടങ്ങളും അംഗീകാരവും നൽകിയെന്ന് ഡി മരിയ പറയുന്നു. മെസ്സിക്കൊപ്പമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചായിരുന്നു ഡി മരിയയുടെ വിടവാങ്ങൽ സന്ദേശം.
ഖത്തർ ലോകകപ്പോടെ വിരമിക്കുമെന്ന് ഡി മരിയ പറഞ്ഞിരുന്നു. എന്നാൽ കിരീടം നേടിയതോടെ ലോക ചാമ്പ്യനായി കുറച്ചുകാലംകൂടി തുടരുകയാണെന്ന് ഡി മരിയ പ്രഖ്യാപിക്കുകയായിരുന്നു. അർജന്റീനയ്ക്കായി 144 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ഡി മരിയ 31 ഗോളും 32 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചാലും ഡി മരിയ ക്ലബ് ഫുട്ബോളിൽ തുടരും. പോർച്ചുഗൽ ക്ലബ് ബെൻഫിക്കയുമായി ഡി മരിയ ഒരുവർഷത്തേക്ക് കൂടി കരാർ പുതുക്കിയിട്ടുണ്ട്.
0 അഭിപ്രായങ്ങള്‍