യൂറോകപ്പ് ഫൈനലിലെ തുടർച്ചയായ രണ്ടാം തോൽവിക്ക് പിന്നാലെ സ്ഥാനം ഒഴിഞ്ഞ ഗാരെത് സൌത്ഗേറ്റിന്റെ പകരക്കാരനായി മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് കോച്ച് പെപ് ഗാർഡിയോളയെ പുതിയ ഇംഗ്ലണ്ട് കോച്ചായി നിയമിക്കാൻ നീക്കം.
2021ലെ ഫൈനലിൽ ഇറ്റലിയോട് പെനാൽറ്റി ഷൂട്ടൌട്ടിൽ തോറ്റ ഇംഗ്ലണ്ട് ഇക്കുറി ഫൈനലിൽ സ്പെയ്നോട് ഒന്നിനെതിരെ രണ്ട് ഗോളിനാണ് പരാജയപ്പെട്ടത്. ഇതോടെയാണ് എട്ടുവർഷത്തെ സേവനം അവസാനിപ്പിച്ച് സൌത്ഗേറ്റ് പടിയിറങ്ങിയത്. ടീമിനെ പുതിയ പരിശീലകൻ നയിക്കാൻ സമയമായെന്ന പ്രഖ്യാപനത്തോടെ ആയിരുന്നു മുൻതാരംകൂടിയായ സൌത്ഗേറ്റിന്റെ രാജി. ഇതോടെയാണ് ഇംഗ്ളണ്ട് എഫ് എ പുതിയ പരിശീലകനായി അന്വേഷണം തുടങ്ങിയത്.
ഇംഗ്ലീഷ് താരങ്ങളെ നന്നായി അറിയുന്ന പെപ് ഗ്വാർഡിയോളയ്ക്ക് ഇംഗ്ലണ്ടിന്റെ കിരീടവരൾച്ചയ്ക്ക് അവസാനം കുറിക്കാൻ കഴിയുമെന്നാണ് എഫ് എയുടെ പ്രതീക്ഷ. ക്ലബ് ഫുട്ബോളിൽ ഗാർഡിയോളയോളം നേട്ടങ്ങളുണ്ടാക്കിയ പരിശീലകൻ പുതിയകാലത്തിൽ ഇല്ല. ബാഴ്സലോണയിലും ബയേൺ മ്യൂണിക്കിലും കിരീടക്കൊയ്ത്ത് നടത്തിയ ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗിൽ എതിരാളികളില്ലാത്ത ടീമാക്കിമാറ്റി.
മാത്രമല്ല, ക്ലബ് ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ട്രോഫി കിരീടം സിറ്റിക്ക് നേടിക്കൊടുക്കാനും ഗാർഡിയോളയ്ക്ക് കഴിഞ്ഞു. 2016ൽ സിറ്റിയിലെത്തിയ ഗാർഡിയോളയുടെ കരാർ ഈ സീസണോടെ അവസാനിക്കും. ഇതിന് ശേഷം കരാർ പുതുക്കില്ലെന്നും ദേശീയ ടീമിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ താൽപര്യമുണ്ടെന്നും പെപ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ഗാർഡിയോള ഇംഗ്ളണ്ട് കോച്ചാവാൻ സമ്മതിക്കുകയാണെങ്കിൽ വരുന്ന സീസൺ കഴിയും വരെ കാത്തിരിക്കാൻ തയ്യാറാണെന്നും അതുവരെ താൽക്കാലിക പരിശീലകനെ നിയമിക്കാമെന്നും ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ സിറ്റി കോച്ചിനെ അറിയിച്ചുവെന്നാണ് വിവരം.
0 അഭിപ്രായങ്ങള്‍