റോഡ്രിയുടെ നീളൻ ത്രൂ ബോൾ ഓൾമോയുടെ കാലിൽ എത്തിയപ്പോൾ ഒരപകടവും തോന്നിയില്ല. ഓൾമോയിൽ നിന്നു പന്തു വാങ്ങിയ ലാമിൻ യമൽ വലതു മാറി ഇടത്തേയ്ക്ക് വെട്ടിത്തിരിയുമ്പോൾ മുന്നിൽ ഫ്രഞ്ച് പ്രതിരോധം ഒന്നടങ്കമുണ്ടായിരുന്നു. ഗോൾകീപ്പർ മെഗ്നൻ കൃത്യസ്ഥാനത്തും. എന്നാൽ, ഇടങ്കാലിൽ നിന്ന് പന്ത് തൊടുക്കുമ്പോൾ യമലിനു മാത്രം കാണാൻ കഴിഞ്ഞ ഗോളിലേക്കുള്ള ഒരു പാതയുണ്ടായിരുന്നു. പന്തിനായി ഉയർന്നു ചാടിയ മെഗ്നന്റെ കൈയ്ക്കും ഗോൾ പോസ്റ്റിൻ്റെ മേൽക്കോണിനുമിടയിൽ ഒരു പന്തിന് കഷ്ടിച്ച് കടക്കാനൊരു പഴുത്. അത്രമേൽ കൃത്യതയാണ് യൂറോയിലെ ഏറ്റവും പ്രായംകുറഞ്ഞ ഗോൾവേട്ടക്കാരന്.
ആ ഗോൾ ഒരു പ്രഖ്യാപനമാണ്. ഫുട്ബോൾ ചക്രവർത്തിമാരെ നിങ്ങളുടെ പിൻഗാമി ആഗതനായിരിക്കുന്നു. ഗോളടിക്കാൻ മാത്രമല്ല, ഗോളടിപ്പിക്കാനും എതിരാളിയുടെ നെഞ്ചുപിളർക്കുന്ന ക്രോസുകൾ തൊടുക്കാനും വലതു വിങ്ങിൽ ഇനി അവനുണ്ടാകും.
കുട്ടിത്തം ആ കണ്ണുകളിൽ നിന്ന് ഒട്ടും മറഞ്ഞിട്ടില്ല എന്നാൽ, കളിക്കളത്തിലെ ഓരോ നീക്കവും അങ്ങേയറ്റം പക്വമാണ്. ഒരു ഫുട്ബോൾ താരത്തിന് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണങ്ങളും ഈ പ്രായത്തിൽ തന്നെ സ്വായത്തമാക്കിയിരിക്കുന്നു.
മാതാപിതാക്കളുടെ പാരമ്പര്യത്താൽ സ്വായത്തമായ ആഫ്രിക്കൻ ചടുലതയും പിറന്നുവീണ യൂറോപ്പ് പകർന്ന ശാസ്ത്രീയതയും സമ്മേളിച്ചപ്പോൾ കളിക്കളത്തിനു സ്വന്തമായത് ഒരസാമാന്യ പ്രതിഭയെയാണ്. ഇടങ്കാലിന്റെ ഈ മാന്ത്രികതയ്ക്കും പിറവിയായത് സാക്ഷാൽ ലയണൽ മെസിയെ സൃഷ്ടിച്ച ലാ മാസിയയാണ്. കാറ്റലോണിയൻ കളിയരങ്ങിൽ തേച്ചുമിനുക്കിയ കാൽവിരുത് വരുംനാൾ ലോകം കാൽക്കീഴിലാക്കും.
0 അഭിപ്രായങ്ങള്‍