നിർമൽ ഖാൻ
Football is Life. Fill with the air. Without the air is Lifeless.
Without Discipline. You are a football. With No air, No Life.
നിങ്ങള്‍ക്ക് പന്ത് കിക്ക് ചെയ്യാനും ഡ്രിബിള്‍ ചെയ്യാനും സാധിക്കില്ലെങ്കില്‍ ഒരിക്കലും നിങ്ങള്‍ക്ക് അതു പരിശീലിപ്പിക്കാന്‍ സാധിക്കില്ല. നിങ്ങള്‍ കോച്ച് ആണെങ്കില്‍, ഫുട്‌ബാളിനെ കുറിച്ച് പ്രസംഗിക്കുകയല്ല ചെയ്യേണ്ടത്,പകരം അത് പരിശീലിപ്പിക്കുകയാണ് വേണ്ടത്.
റൂഫസ് അങ്കിളിന്റെ ചില നല്ല ഉപദേശങ്ങളാണ് ഇത്....
ഞങ്ങള്‍ കൊച്ചിക്കാര്‍ക്ക് കാല്‍പന്തുകളിയെ കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മ വരുന്ന പേരാണ് റൂഫസ് അങ്കിള്‍ എന്നത്. എനിക്ക് തോന്നുന്നു ആ പേര് ഫുട്ബോള്‍ എന്ന പോലെ മനസ്സില്‍ പതിഞ്ഞുവെന്ന്. എനിക്ക് മാത്രമല്ല കൊച്ചിയിലെ ഓരോ ഫുട്ബോള്‍ പ്രേമിക്കും പറയാനുണ്ടാകും ഇദ്ദേഹത്തെ കുറിച്ച് ഒരു പാട് നല്ല കഥകള്‍. കോരിത്തരിപ്പിക്കുന്ന കഥകള്‍. ഇന്ന് കൊച്ചിയില്‍ പുട്ടിനു പീര ഇടുന്നത് പോലെ അക്കാദമികള്‍ വന്നുവെങ്കിലും അങ്കിള്‍ ഇന്നും ആ കൂട്ടത്തില്‍ തല ഉയര്‍ത്തി പിടിച്ചു തന്നെ നില്‍ക്കുന്നു. അത് എന്താണ് എന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേ ഉള്ളൂ . അദേഹത്തിന്റെ സ്വയംപുതുക്കൽ. കാല ഘട്ടത്തിനനുസരിച്ചു അദേഹവും മാറുന്നു. കളി ശൈലിയും മാറുന്നു. വിദേശ കോച്ചുകളുടെ സേവനം വര്‍ഷാവര്‍ഷം കിട്ടുന്നു. കൊച്ചിക്കാര്‍ക്ക് ഫുട്ബോള്‍= റൂഫസ് അങ്കിള്‍ എന്നാണ്.
ഇദ്ദേഹത്തിന്റെ സാന്റോസ് ടീമിന്റെപ്രതാപ കാലത്ത് നെഹ്‌റു ട്രോഫി കളിക്കാന്‍ വന്ന ഇന്ത്യന്‍ ടീമിനെ രണ്ടു ഗോളിന് കീഴടക്കിയതും, പിറ്റേ ദിവസം വീണ്ടും കളിക്കാന്‍ വിളിച്ചപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം പോകുമെന്ന് പറഞ്ഞു ഇന്ത്യന്‍ കോച്ച് മാറിയതും കൊച്ചിക്കാര്‍ ഇന്നും ഓര്‍ക്കുന്നു. പറയാനാണെങ്കില്‍ ഒരു പാടുണ്ട്. കാലുകളിൽ പന്തും, ഒരു കൈയിൽ ഹോക്കി സ്റ്റിക്കുമായി ചരിത്രം രചിച്ച കൊച്ചീക്കാരുടെ എല്ലാമാണ് റൂഫസ് അങ്കിൾ. ഒരു ഹോക്കി താരം വേണ്ടി വന്നു ഫോർട്ട്കൊച്ചിയുടെ ഫുട്ബോൾ തലവര മാറ്റി എഴുതാൻ.
ഇന്നും ഓർക്കുന്നു ആദ്യം ഗ്രൗണ്ടിൽ എത്തുന്നത് അങ്കിൾ തന്നെയായിരിക്കും.അതിനു ശേഷമായിരിക്കും ഓരോ കളിക്കാരും ഗ്രൗണ്ടിലേക്ക് വരുന്നത്.പിന്നെ രാവിലെ ആറര മുതൽ എല്ലാവരും പന്തിനു പിന്നാലെയായിരിക്കും.ഇപ്പോഴും പ്രായത്തെ വെല്ലുന്ന വീര്യവുമായി റൂഫസ് അങ്കിൾ പന്തിനു പിന്നാലെയുണ്ട്.പ്രായം കൂടിയെങ്കിലും പന്തുകളിയുമായി ഒരു കൊച്ചു കുട്ടിയെ പോലെ ഇന്നും ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ ഓടി ചാടി നടക്കുന്നു ഞങ്ങളുടെ എല്ലാമായ റൂഫസ് അങ്കിൾ.
റൂഫസ് അങ്കിളിന്റെ ശിക്ഷണത്തിൽ ഫുട്‍ബോളിനു അഭിമാനമായ ഒരുപാട് താരങ്ങൾ ഉണ്ടായിട്ടുണ്ട്. റെയില്‍വേയുടെ ജേക്കബ് വര്‍ഗീസ്, കേരള പൊലീസിലെ തോബിയാസ്, തമിഴ്‌നാടിനു വേണ്ടി കളിച്ച ഹാമില്‍ട്ടന്‍ ബോബി, സെബാസ്റ്റ്യന്‍ നെറ്റോ, ആന്‍സന്‍, ഫിറോസ് ഷെരീഫ് ഇവരൊക്കെയാണ് എനിക്ക് ഓർമ വരുന്ന പേരുകൾ.ഓർത്തെടുത്താൽ ഇനിയും എഴുതാനുണ്ടാകും.
യംഗ്‌സ്റ്റേഴ്‌സ് ക്ലബ്ബിലൂടെയാണ് അങ്കിൾ ഫുട്‍ബോളിലേക്ക് വരുന്നത്.അതും കൊച്ചീക്കാരുടെ അബൂക്കയുടെ ശിക്ഷണത്തിൽ.അതും ഒരു ജിന്നായിരുന്നു.കേരളം ഫുട്‍ബോളിൽ കനിഞ്ഞില്ലെങ്കിലും മദ്രാസ് അങ്കിളിനെ ഏറ്റെടുക്കുകയായിരുന്നു.സന്തോഷ് ട്രോഫിയിൽ തമിഴ്നാടിനു വേണ്ടി കളത്തിൽ ഇറങ്ങിയതാണ് അങ്കിൾ മധുരമായി പ്രതികാരം ചെയ്തത്.കളത്തിനു പുറത്തെ കളികളാണ് അങ്കിളിനു കേരള കുപ്പായം നിഷേധിച്ചതെന്ന് ചരിത്രം.
മദിരാശി ലീഗിൽ കളിച്ചിരുന്ന നേതാജി സ്പോർട്ട്സിന്റെ മിന്നും താരമായി മാറുകയായിരുന്നു റൂഫസ് ഡിസൂസ എന്ന ഞങ്ങളുടെ റൂഫസ് അങ്കിൾ.ഇതിൽ രസകരമായ സംഭവം എന്താണെന്നു വെച്ചാൽ ഇതേ സമയം തന്നെ റൂഫസ് അങ്കിൾ ITC ക്കു വേണ്ടി ഹോക്കിയും കളിച്ചിരുന്നു.1972ല്‍ ദേശീയ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ നയിച്ചതും റൂഫസ് അങ്കിൾ ആയിരുന്നു.
ഗോള്‍ കീപ്പര്‍മാരായ തങ്കരാജ്, എസ്.എസ്. നാരായണന്‍, പാക്കിസ്ഥാനില്‍ നിന്നു വന്ന അസീസ് ലത്തീഫ്, സലിം മന്ന, ജര്‍ണയില്‍ സിങ്, ഒളിമ്പ്യന്‍ റഹ്മാന്‍, പി.കെ. ബാനര്‍ജി, കിങ് ഓഫ് ട്രിബിള്‍ എന്നു വിശേഷിപ്പിക്കുന്ന അഹമ്മദ് ഖാന്‍, ചുനി ഗോസ്വാമി, 1956ല്‍ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ ഹാട്രിക് നേടിയ നെവിള്‍ ഡിസൂസ എന്നിവരോടൊപ്പവും പന്ത് തട്ടാൻ ഭാഗ്യം ലഭിച്ചിട്ടുള്ള ഒരു വ്യക്തി കൂടിയാണ് റൂഫസ് അങ്കിൾ.
എൺപത്തി രണ്ടാമത്തെ വയസിലും അങ്കിൾ ഫുട്‍ബോളിൽ സജീവമായി തുടരുന്നു.സാൻഡോസ് കൊച്ചി ഇന്നും പഴയതു പോലെ പന്ത് തട്ടുന്നു.അതിൻ്റെ അമരത്തു ഞങ്ങളുടെ റൂഫസ് അങ്കിളുമുണ്ട്.
ഓരോ കളി കാണുമ്പോഴും,ഓരോ പ്രാവശ്യം പന്ത് തട്ടുമ്പോഴും ഈ മനുഷ്യന്റെ മുഖമാണ് ആദ്യം തെളിയുക.ഫുട്‍ബോൾ പോലെ തന്നെ റൂഫസ് അങ്കിളും ഉള്ളിന്റെ ഉള്ളിൽ ഇന്നും നിലകൊള്ളുന്നു.
ആ സ്വരം പോലും ഇന്നും കാതുകളിൽ മുഴങ്ങുന്നു....
"പുഷ് ദി ബോൾ നിർമൽ...പുഷ്"...
"റൺ റൺ....ചെയ്സ് ഹിം".....
0 അഭിപ്രായങ്ങള്‍