കേരള ഫുട്ബോളിന്റെ കളിത്തൊട്ടിലാണ് മലപ്പുറം. നിരവധി സംസ്ഥാന, ദേശീയ താരങ്ങൾക്ക് ജൻമം നൽകിയ നാട്. എന്നിട്ടും ദേശീയ ക്ലബ് ഫുട്ബോളിൽ മലപ്പുറത്തിന് കാര്യമായ മേൽവിലാസും ഒന്നും ഇല്ലായിരുന്നു. ഈ കുറവ് പരിഹരിക്കുകയാണിപ്പോൾ തിരൂരിലെ സ്പോർട്സ് അക്കാഡമി. തിരൂരിനും മലപ്പുറത്തിനും കേരളത്തിനും അഭിമാനവും പ്രതീക്ഷയുമായി സാറ്റ് ഐലീഗിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.
ജില്ലയിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ അക്കാദമിയായി 2011ലാണ് സ്പോർട്സ് അക്കാഡമി തിരൂർ രൂപീകരിച്ചത്. സംസ്ഥാന ലീഗിൽ മികച്ച പ്രകടനം നടത്തുന്ന സാറ്റിൽ നിന്ന് ഇതിനോടകം തന്നെ നിരവധി സന്തോഷ് ട്രോഫി, ഐ ലീഗ് , ഐ എസ് എൽ താരങ്ങൾ ഉദയം ചെയ്തിട്ടുണ്ട്.
ദേശീയ തലത്തിൽ ശ്രദ്ധേയരായ മുഹമ്മദ് ഇർഷാദ്, അബ്ദുൽ ഹക്കു, മുഹമ്മദ് സലാഹ്, പി.പി. റിഷാദ്, ഫസലുറഹ്മാൻ , കഴിഞ്ഞ കെ.പി.എല്ലിൽ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മെഹ്‌ദി തുടങ്ങിയവരെല്ലാം സാറ്റിന്റെ കണ്ടെത്തലുകളാണ്. കഴിഞ്ഞ സീസണിൽ സാറ്റ് ആദ്യ അഖിലേന്ത്യാ കിരീടവും സ്വന്തമാക്കി. പഞ്ചാബിലെ പ്രിൻസിപ്പൽ ഹർഭജൻ സിങ് മെമ്മോറിയൽ ഓൾ ഇന്ത്യ ഇൻവിറ്റേഷൻ കപ്പാണ് സാറ്റ് സ്വന്തമാക്കിയത്. ഡൽഹി എഫ്സിയെ തോൽപിച്ചായിരുന്നു നേട്ടം.
കേരള പ്രീമിയർ ലീഗിൽ കളിച്ച എട്ട് സീസണിൽ നാലിലും സെമിയിൽ എത്തിയ ടീമാണ് സാറ്റ് തിരൂർ. കേരള യുണൈറ്റഡിനൊപ്പമാണ് വരുന്ന സീസണിൽ സാറ്റ് തിരൂരും ഐ ലീഗിലേക്ക് എത്തുന്നത്. സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ചാന്പ്യൻ പരിശീലകനായ എം പീതാംബരനാണ് സാറ്റ് തിരൂരിന്റെ മുഖ്യ പരിശീലകൻ. ഐ ലീഗിലേക്ക് യോഗ്യത നേടിയതോടെ കൂടുതൽ സൗകരങ്ങളും സ്പോൺസർമാരേയും തേടുകയാണിപ്പോൾ സാറ്റ് തിരൂർ.
0 അഭിപ്രായങ്ങള്‍