Ads

header ads

സുന്ദരം ഈ സ്പെയ്ൻ

Spain book Euro 2024 final spot with comeback win over France
ഇ.സുദേഷ്

ആദ്യം തന്നെ ഗോളടിച്ചത് തെറ്റായി പോയോ എന്ന് തോന്നിക്കാണും ഫ്രാൻസിന്. പിന്നിലായ സ്പാനിഷ് കഴുകന്മാർ പ്രതികാരദാഹത്തോടെ പറന്നടുത്തു. മിനിറ്റുകൾക്കകം അതിഗംഭീരമായ രണ്ട് ഗോളടിച്ചു മുന്നിൽക്കടന്നു. ഫൈനലിൽ ആരു കളിക്കുമെന്ന് അവിടെ നിശ്ചയിക്കപ്പെട്ടു.

90 മിനിറ്റും ആവേശം നിറഞ്ഞൊരു സെമി പോരാട്ടം. ഒത്ത എതിരാളികളുടെ നേർക്കുനേർ പോരിൽ കാൽപ്പന്തിൻ്റെ വശ്യ കാഴ്ചകൾ നിറഞ്ഞു തുളുമ്പി. യൂറോ 2024 ലെ ഏറ്റവും നല്ല മത്സരം. യൂറോപ്പിന് സുന്ദരമായ ഫുട്ബോൾ കാണിച്ചു കൊടുക്കുന്ന പുതിയ സ്പാനിഷ് ടീം അവതരിച്ചതിൻ്റെ പേരിലാകും യൂറോ 2024 അറിയപ്പെടുക. അത്ര മനോഹരമായാണ് ഈ ടീം പന്തുതട്ടുന്നത്. കാണാനഴകുള്ള, ആസ്വാദകരെ ആവേശത്തിലാക്കുന്ന പ്രകടനം.

പൂർണ്ണതയേറിയ ആക്രമണ ഫുട്ബോളാണ് സ്പെയിൻ കാഴ്ചവെച്ചത്. സർവമേഖലയിലും എതിരാളിയെക്കാൾ മുന്നിലായിരുന്നു. പ്രതീക്ഷിച്ച പോലെ മുന്നേറ്റത്തിലെ കൗമാരവിസ്മയങ്ങളായിരുന്നു പ്രഹരശേഷിയുള്ള പടക്കോപ്പുകൾ. ലാമിൻ യമലും നിക്കോ വില്യംസും. അതിഗംഭീര ഗോൾ കുറിച്ച യമൽ മത്സരത്തിലെ താരവുമായി. 


മദ്ധ്യനിരയിൽ എല്ലാം നിയന്ത്രിച്ച റോഡ്രിയും ഫാബിയൻ റൂയിസുമായിരുന്നു സ്പാനിഷ് അർമാഡയുടെ എഞ്ചിൻ റൂം. അടിക്കാനും തടുക്കാനും ഇരുവരും ഒരുപോലെ മുന്നിട്ടിറങ്ങി. കളി നിയന്ത്രിച്ച റോഡ്രിയുടെ പ്രകടനത്തിലെ ആധികാരികത ടീമിനു പകർന്ന ആത്മവിശ്വാസം അളവറ്റതാണ്. ഒരു ഗോൾ കുറിച്ച ഓൾമോയും റോൾ ഭംഗിയാക്കി.

ഗ്രിസ്മാനു പകരം ആദ്യ ഇലവനിൽ ഡെമ്പലെയെ ഇറക്കിയ ഫ്രഞ്ച് പരിശീലകൻ ദെഷാംപ്സിന്റെ ഉള്ളിലിരുപ്പ് വ്യക്തമായിരുന്നു. കർവഹലിന്റെ അഭാവത്തിൽ പ്രതിരോധത്തിന്റെ വലതു പാർശ്വം കാക്കാനിറങ്ങിയ ജീസസ് നവാസിന്റെ പ്രായക്കൂടുതൽ മുതലെടുക്കുക. ആദ്യ 10 മിനിറ്റ് ആ തന്ത്രം ജയിച്ചുവെന്ന തോന്നലുയർത്തി. എട്ടാം മിനിറ്റിൽ ഫ്രാൻസ് ഗോളടിച്ചു. എമ്പാപ്പെ ഉണർന്നു കളിച്ച അപൂർവ സന്ദർഭം. കോളോ മുവാനിയ്ക്ക് വലയിലേക്ക് കുത്തിയിടാൻ പാകത്തിൽ നൽകിയ പാസ് ഒന്നാന്തരമായിരുന്നു. അത് സ്പെയ്ന് ഷോക്കായി. പിന്നീടൊരു കുതിപ്പാണ് കണ്ടത്. 

വിങ്ങുകൾ ഭദ്രമാക്കാൻ ഫ്രാൻസ് അമിത ശ്രദ്ധ നൽകിയപ്പോൾ ഒത്ത മദ്ധ്യത്തിലെ വിടവുകൾ  റോഡ്രിയും ഓൾമോയും  കൃത്യമായി മുതലാക്കി. 10 പേരും ഒരു പോലെ കയറിക്കളിക്കാൻ ധൈര്യം കാണിച്ചു. ഫ്രഞ്ച് പകുതിയിലായിരുന്നു ഏറെ നേരവും പന്താട്ടം. ആദ്യ കുതിപ്പുകൾ തന്നെ സമനിലയും മേധാവിത്വവും നൽകാൻ കെൽപ്പുള്ളതായി.

ടൂർണമെന്റിലെ ഏറ്റവും മികച്ചതെന്നു പേരെടുത്ത ഫ്രഞ്ച് പ്രതിരോധം ആദ്യമായി പതറി. മദ്ധ്യനിരയിൽ കാന്റെ പതിവ് ഫോമിലായിരുന്നില്ല. ചൗമേനി അദ്ധ്വാനിക്കാൻ മടിച്ചു. ഗോളടിക്കാൻ മിടുക്കില്ലാത്തതു  തന്നെയാണ് ഫ്രാൻസിന്റെ ഏറ്റവും വലിയ പോരായ്മ. ഒപ്പം ഒട്ടും രസിപ്പിക്കാത്ത ദെഷാംപ്സിന്റെ കളി ശൈലിയും.



Spain book Euro 2024 final spot with comeback win over France 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍