Ads

header ads

മെസ്സിക്ക് മുന്നിൽ ഇനിയെന്ത്?

മുപ്പത്തിനാലാം വയസ്സുവരെ അർജന്റൈൻ സീനിയർ ടീമിനൊപ്പം ഒറ്റക്കിരീടം ഇല്ലാത്ത താരമായിരുന്നു ലിയണൽ മെസ്സി. സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്കൊപ്പം സാധ്യമായ ട്രോഫികളും റെക്കോർഡുകളുമെല്ലാം സ്വന്തമാക്കിയപ്പോഴും അർജന്റൈൻ ടീമിനൊപ്പം കപ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മിക്കപ്പോഴും വിമർശകർ മെസ്സിയെ കുരിശേറ്റിയത്. തുടർഫൈനൽ തോൽവികളിൽ മനംമടുത്ത മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുകപോലും ചെയ്തതാണ്. 


എന്നാൽ കാലം അതെല്ലാം മായ്ച്ച് കളഞ്ഞു. എല്ലാം തിരുത്തിക്കുറിച്ചു. അവസാന മൂന്ന് വർഷത്തിനിടെ ഫുട്ബോളിൽ സാധ്യമായ എല്ലാ അന്താരാഷ്ട്ര കിരീടങ്ങളും സ്വന്തമാക്കാൻ മെസ്സിക്ക് കഴിഞ്ഞു. രണ്ട് കോപ്പ അമേരിക്കയും 2022 ലോകകപ്പും ഫൈനലിസിമയുമാണ് മെസ്സിയുടെ കരിയറിന് സുവർണശോഭ നൽകുന്നത്. 

2024 കോപ്പ അമേരിക്ക ഫൈനലിൽ പരിക്കേറ്റ് പുറത്തായ മെസ്സിക്കായി സഹതാരങ്ങൾ ചോരനീരാക്കി കപ്പടിച്ചു. അർജന്റീന ലൌറ്ററോ മാർട്ടിനസിന്റെ എക്സ്ട്രാ ടൈം ഗോളിലാണ് കൊളംബിയയെ മറികടന്നത്. രണ്ടുവർഷം അപ്പുറമുള്ള ലോകകപ്പിൽ മെസ്സി കളിക്കുമോയെന്നാണ് ഇനി എല്ലാവർക്കും അറിയേണ്ടത്.

 ഇക്കാര്യത്തിൽ വ്യക്തമായി ഒന്നും മെസ്സി പറഞ്ഞിട്ടില്ല. കോപ്പയെക്കുറിച്ചാണ് ചിന്തിക്കുന്നത്. ലോകകപ്പ് രണ്ട് വർഷത്തിന് അപ്പുറമുള്ള കാര്യമാണ്. അപ്പോഴത്തെ ആരോഗ്യാവസ്ഥ പരിഗണിച്ചായിരിക്കും തീരുമാനം എന്നായിരുന്നു മെസ്സിയുടെ അവസാന മറുപടി.

 2021ലെ കോപ്പയിലെയും 2022 ലോകകപ്പിലെയും പ്രകടനം നോക്കുകയാണെങ്കിൽ മെസ്സിക്ക് ഇത്തവണ അതിന് അടുത്തെത്താൻ കഴിഞ്ഞിട്ടില്ല. ഈ കോപ്പയിൽ മെസ്സി ആകെ നേടിയത് ഒറ്റഗോൾ. അതാവട്ടേ എൻസോ ഫെർണാണ്ടസിന് കിട്ടേണ്ടിയിരുന്ന ഗോളുമായിരുന്നു. മാത്രമല്ല ഇക്വഡോറിനെതിരായ മത്സരത്തിൽ മെസ്സി പെനാൽറ്റി പാഴാക്കുകയും ചെയ്തു. 

നിരന്തരം പരിക്കിന്റെ പിടിയിലാവുന്ന മെസ്സിക്ക് ഇനിയുമൊരു അങ്കത്തിന് ബാല്യം ഉണ്ടായേക്കില്ലെന്നാണ് കരുതുന്നത്. ഒരുപക്ഷേ കോപ്പ മെസ്സിയുടെ അവസാന അന്താരാഷ്ട്ര ടൂർണമെന്റ് ആയേക്കാം. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍