തിരുവനന്തപുരം: സയദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസനാണ് ടീമിന്റെ ക്യാപ്റ്റൻ. നവംബർ 23 മുതൽ ഡിസംബർ മൂന്ന് വരെയാണ് മത്സരങ്ങൾ.ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രണ്ട് സെഞ്ച്വറികൾ നേടി മിന്നുന്ന പ്രകടനമാണ് സഞ്ജു കാഴ്‌ച്ചവച്ചത്. സഞ്ജുവിന്റെ വരവ് ടീമിനും ആത്മവിശ്വാസം പകരും.
സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, ബേസിൽ തമ്പി, സൽമാൻ നിസാർ തുടങ്ങിയവർ അടങ്ങിയതാണ് കേരള ടീം. കൂടാതെ കേരള ക്രിക്കറ്റ് ലീഗിൽ തിളങ്ങിയ അബ്ദുൾ ബാസിദും ഷറഫുദീനും ടീമിലുണ്ട്.
നിലവിലെ സീസണിൽ രഞ്ജി ട്രോഫി, സി കെ നായിഡു ട്രോഫി തുടങ്ങിയ ടൂർണ്ണമെന്റുകളിൽ കേരളം മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. രഞ്ജി ട്രോഫിയിൽ കേരളം സി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. സി കെ നായിഡു ട്രോഫിയിൽ കഴിഞ്ഞ മത്സരത്തിൽ കേരളം കരുത്തരായ തമിഴ്നാടിനെ തോല്പിച്ചിരുന്നു.
ഗ്രൂപ്പ് ഇയിൽ മുബൈ, മഹാരാഷ്ട്ര, ഗോവ, ആന്ധ്രപ്രദേശ്, സർവ്വീസസ്, നാഗാലൻഡ് എന്നീ ടീമുകൾക്ക് ഒപ്പമാണ് കേരളം സ്ഥാനം പിടിച്ചിട്ടുള്ളത്. മുംബൈയ്ക്ക് വേണ്ടി സൂര്യകുമാർ യാദവ് കളിക്കാൻ ഇറങ്ങിയാൽ സുഹൃത്തുക്കൾ കൂടിയായ സഞ്ജുവും സൂര്യകുമാറും നേർക്കുനേരെത്തുന്ന പോരാട്ടം കൂടി ആരാധകർക്ക് ആസ്വദിക്കാം. നവംബർ 23ന് സർവ്വീസസിന് എതിരെയാണ് കേരളത്തിൻ്റെ ആദ്യ മത്സരം.
കേരള ടീം - സഞ്ജു സാംസൺ (ക്യാപ്റ്റൻ), സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, മൊഹമ്മദ് അസറുദ്ദീൻ, ബേസിൽ തമ്പി, സൽമാൻ നിസാർ, അബ്ദുൾ ബാസിദ് പി എ, അഖിൽ സ്കറിയ, അജ്നാസ് എം, സിജോമോൻ ജോസഫ്, മിഥുൻ എസ്, വൈശാഖ് ചന്ദ്രൻ, വിനോദ് കുമാർ സി വി, ബേസിൽ എൻ പി, ഷറഫുദ്ദീൻ എൻ എം, നിധീഷ് എം ഡി. റിസർവ്വ് താരങ്ങളായി സി കെ നായിഡു ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ച വച്ച വരുൺ നായനാർ, ഷോൺ റോജർ, അഭിഷേക് ജെ നായർ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Sanju Samson Appointed Captain of Kerala for Syed Mushtaq Ali Trophy 2024
0 അഭിപ്രായങ്ങള്‍