സന്തോഷ് ട്രോഫി ഫുട്ബോളിൽ തുടർച്ചയായ മൂന്നാം ജയത്തോടെ കേരളം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. മൂന്നാം മത്സരത്തിൽ കേരളം എതിരില്ലാത്ത രണ്ട് ഗോളിന് ഒഡിഷയെ തോൽപിച്ചു. ഇരുപകുതികളിലായി മുഹമ്മദ് അജ്സലും നസീബ് റഹ്മാനും നേടിയ ഗോളുകൾക്കാണ് കേരളത്തിന്റെ ജയം.
ആദ്യ മത്സരത്തിൽ ഗോവയെയും രണ്ടാം മത്സരത്തിൽ മേഘാലയയെയും തോൽപിച്ച ആത്മവിശ്വാസത്തോടെ ഇറങ്ങിയ കേരളം ഇടവേളയ്ക്ക് തൊട്ടുമുൻപാണ് സ്കോറിംഗിന് തുടക്കമിട്ടത്. നാൽപതാം മിനിറ്റിൽ അജ്സൽ ഒറ്റയാൻ മുന്നേറ്റത്തിലൂടെ ലക്ഷ്യം കാണുകയായിരുന്നു. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് അജ്സൽ ലക്ഷ്യം കാണുന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ നസീബ് റഹ്മാൻ ലീഡിയർത്തി. അൻപത്തിമൂന്നാം മിനിറ്റിലായിരുന്നു നസീബിന്റെ ഗോൾ. കേരളം നാലാം മത്സരത്തിൽ ഞായറാഴ്ച ഡൽഹിയെ നേരിടും. ഓരോ ഗ്രൂപ്പിലെയും രണ്ട് ടീമുകളാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുക.
0 അഭിപ്രായങ്ങള്‍