ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരമാണ് ലിയണൽ മെസ്സി. ബാഴ്സലോണയ്ക്കൊപ്പം ക്ലബ് കരിയറിലെ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ മെസ്സി അർജന്റീനയ്ക്കൊപ്പം എല്ലാ അന്താരാഷ്ട്ര കിരീടങ്ങളും ഫെൽഫിലെത്തിച്ചു. കോപ്പ അമേരിക്കയ്ക്ക് പിന്നാലെ ഖത്തർ ലോകകപ്പ് നേടിയാണ് മെസ്സി കരിയർ പൂർത്തിയാക്കിയത്.
മുപ്പത്തിയേഴുകാരനായ മെസ്സിയിപ്പോൾ കരിയറിലെ അവസാന നാളുകളിൽ അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിൽ ആസ്വദിക്കുകയാണ്. ഈ കാലത്തിനിടയിൽ എല്ലാം മെസ്സിയുടെ പിൻഗാമി ആരെന്ന ചോദ്യങ്ങളും ചർച്ചകളും സജീവമായിരുന്നു. ഇപ്പോഴിതാ മെസ്സിതന്നെ ഇതിന് ഉത്തരം നൽകിരിക്കുന്നു.
ബാഴ്സലോണയുടെ സ്പാനിഷ് താരം ലാമിൻ യമാൽ ആണ് നിലവിൽ കളിക്കുന്നവരിൽ തനിക്കൊപ്പമെത്താൻ കഴിവുള്ള താരമെന്ന് മെസ്സി പറയുന്നു. അഡിഡാസുമായി ബന്ധപ്പെട്ടൊരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു മെസ്സി.
അർജന്റൈൻ നായകന്റെ വാക്കുകൾ ഇങ്ങനെയാണ്. പുതിയ തലമുറയിൽ നിരവധി മികച്ച താരങ്ങളുണ്ട്. വലിയ ലക്ഷ്യങ്ങളും സ്വപ്നങ്ങളുമായി പന്തുതട്ടുന്നവരാണ് അവർ. ഇവരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ , ലാമിൻ യമാലിന്റെ പേര് പറയും. ഇക്കാര്യത്തിൽ സംശയമൊന്നുമില്ല.
പതിനേഴ് വയസ്സിൽ തന്നെ വലിയ നേട്ടങ്ങളും റെക്കോർഡുകളും സ്വന്തമാക്കാൻ ലാമിൻ യമാലിന് കഴിഞ്ഞിരിക്കുന്നു. മുന്നോട്ടുള്ള പോക്ക് അയാളുടെ വ്യക്തിത്വത്തെ ആശ്രയിച്ചിരിക്കും. ഫുട്ബോളിലെ വളർച്ച പല ഘടകങ്ങൾ ചേർന്നുള്ളതാണ്. നിലവിൽ ശരിയാ ദിശയിൽ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇങ്ങനെ മുന്നോട്ട് പോയാൽ വലിയഭാവിയാണ് ലാമിൻ യമാലിനെ കാത്തിരിക്കുന്നതെന്നും മെസ്സി പറഞ്ഞു.
കഴിഞ്ഞ വർഷവും ഏറ്റവും മികച്ച യുവതാരം ലാമിൻ യമാലാണെന്ന് മെസ്സി പറഞ്ഞിരുന്നു.
0 അഭിപ്രായങ്ങള്‍