ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളാണ് ലിയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. അഞ്ച് ലോകകപ്പുകളിലും വൻകരാ പോരാട്ടങ്ങളിലും ലീഗ് ഫുട്ബോളിലുമെല്ലാം നിറഞ്ഞുനിന്ന് നേട്ടങ്ങൾ സ്വന്തമാക്കിയ താരങ്ങൾ. മെസ്സിയും റൊണാൾഡോയും പന്തുതട്ടാത്ത പ്രധാനവേദികൾ ലോകത്ത് കുറവായിരിക്കും. ഓരോ വേദികളിലേയും വെല്ലുവിളികൾ മറികടന്നാണ് ഇരുവരും ലോകതാരങ്ങളായി മാറിയത്.
കരിയരിൽ കളിക്കാൻ ഏറ്റവും കൂടുതൽ പ്രയാസപ്പെട്ട രണ്ട് വേദികൾ ഏതൊക്കെയെന്ന് വെളിപ്പെടുത്തിയിരിക്കുകാണ് മെസ്സിയും റൊണാൾഡോയും. മെസ്സിയെ അപേക്ഷിച്ച് കൂടുതൽ വെല്ലുവിളികൾ നേരിട്ടിട്ടുള്ളത് റൊണാൾഡോയാണ്. കാരണം പ്രീമിയർ ലീഗിലും ലാ ലിഗയിലും സെരി എയിലും റൊണാൾഡോ കളിച്ചിട്ടുണ്ട്. മെസ്സിയാവട്ടേ ലാ ലിഗയിലും ഫ്രഞ്ച് ലീഗിലുമാണ് പന്തുതട്ടിയത്.
ലിവർപൂളിന്റെ ഹോം ഗ്രൌണ്ടായ ആൻഫീൽഡാണ് റൊണാൾഡോയ്ക്ക് കളിക്കാൻ ഏറ്റവും പ്രയാസം നേരിട്ട മൈതാനം. ലിവർപൂൾ സ്ക്വാഡിന്റെ കരുത്തിനൊപ്പം അവരുടെ ആരാധകരുടെ ആരവത്തേയും മറികടക്കുക അത്ര എളുപ്പമല്ലെന്ന് റൊണാൾഡോ പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചപ്പോഴായിരുന്നു റൊണാൾഡോ ആൻഫീൽഡിലെ വെല്ലുവിളി നേരിട്ടത്. ചാമ്പ്യൻസ് ലീഗിൽ റയലിനായും റൊണാൾഡോ ആൻഫീൽഡിൽ പന്തുതട്ടി.
സ്കോട്ലൻഡ് ക്ലബ് സെൽറ്റിക്കിന്റെ മൈതാനമാണ് മെസ്സി ഏറ്റവും ദുഷ്കര വേദിയായി തെരഞ്ഞെടുത്തത്. സെൽറ്റിക്ക് പാർക്കിൽ ജയിച്ച് കയറുക ഏറ്റവും പ്രയാസമുള്ള കാര്യമാണ്. ഇതുകൊണ്ടുതന്നെ അവിടെ നടന്ന മത്സരങ്ങളെല്ലാം താൻ ഓർക്കുന്നുണ്ടെന്നും മെസ്സി പറയുന്നു.
ചാമ്പ്യൻസ് ലീഗിൽ സെൽറ്റിക്ക് പാർക്കിൽ മൂന്ന് തവണയാണ് മെസ്സി കളിച്ചിട്ടുളളത്. ഇതിൽ ബാഴ്സലോണ രണ്ട് കളിയിൽ ജയിച്ചപ്പോൾ ഒന്നിൽ തോറ്റു. യൂറോപ്പിലെ ഏറ്റവും മികച്ച മത്സരാനുഭവം എന്നാണ് സെൽറ്റിക് പാർക്കിലെ മത്സരങ്ങളെ മെസ്സി വിശേഷിപ്പിക്കുന്നത്.
0 അഭിപ്രായങ്ങള്‍