സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനൽ റൌണ്ടിൽ കേരളത്തിന് ജയത്തുടക്കം. കേരളം ത്രില്ലർ പോരാട്ടത്തിൽ മുൻചാമ്പ്യൻമാരായ ഗോവയെ തോൽപിച്ചു. മൂന്നിനെതിരെ നാല് ഗോളിനായിരുന്നു കേരളത്തിന്റെ ജയം.
തുടക്കത്തിൽതന്നെ ഗോൾ വഴങ്ങിയ ശേഷം ശക്തമായി തിരിച്ചുവരുകയായിരുന്നു കേരളം. പതിനഞ്ചാം മിനിറ്റിൽ കേരളം ഒപ്പമെത്തി. മുഹമ്മ് റിയാസായിരുന്നു സ്കോറർ. മുഹമ്മദ് അജ്സലിന്റെ ഇടതുവിംഗിലൂടെയുള്ള മുന്നേറ്റമാണ് റിയാസ് ലക്ഷ്യത്തിൽ എത്തിച്ചത്. തൊട്ടുപിന്നാലെ അജ്സൽ കേരളത്തെ മുന്നിലെത്തിച്ചു. നസീബിന്റെ ഗോളിൽ കേരളത്തിന് രണ്ടുഗോൾ ലീഡായി. ഈ ഗോളിന് പിന്നിലും അജ്സലിന്റെ കാലുകളുണ്ടായിരുന്നു.
ആദ്യ പകുതി അവസാനിക്കുമ്പോൾ കേരളം ഒന്നിനെതിരെ മൂന്ന് ഗോളിന് മുന്നിൽ. രണ്ടാം പകുതിയിൽ ക്രിസ്റ്റി ഡേവിസ് നാലാം ഗോൾ നേടിയതോടെ കേരളം അനാസായം ജയിക്കുമെന്ന് തോന്നിച്ചു. എന്നാൽ ശക്തമായി പൊരുതുന്നു ഗോവയെയാണ് പിന്നെ കണ്ടത്. വിട്ടുകൊടുക്കാതെ പൊരുതിയ ഗോവൻ താരങ്ങൾ രണ്ടുഗോൾ മടക്കി.
ഇതോടെ അവസാന മിനിറ്റുകൾ ഉദ്വേഗഭരിതമായി. വൈസ് ക്യാപ്റ്റൻ എസ് ഹജ്മൽ ഗോൾമുഖത്ത് ഒരിക്കൽക്കൂടി കീഴടങ്ങില്ലെന്ന് ഉറപ്പിച്ചതോടെ കേരളം ആദ്യമത്സരത്തിൽ ജയിച്ചുകയറി.
ചൊവ്വാഴ്ച മേഘാലയയ്ക്ക് എതിരെയാണ് കേരളത്തിന്റെ രണ്ടാം മത്സരം. ബിബി തോമസ് പരിശീലിപ്പിക്കുന്ന കേരളം യോഗ്യതാ റൌണ്ടിലെ എല്ലാ മത്സരവും ജയിച്ചാണ് ഹൈദരാബാദിൽ എത്തിയിരിക്കുന്നത്.
0 അഭിപ്രായങ്ങള്‍