ഒത്തൊരുമയാണ് മലയാളിയുടെ മുഖമുദ്ര, കേരളത്തിലായാലും പ്രവാസലോകത്തായാലും. മലയാളികളുടെ ഒത്തൊരുമയുടേയും സംഘാടനമികവിന്റെയും ഉത്തമ ഉദാഹരമാണമായിരുന്നു കഴിഞ്ഞ ദിവസം സമാപിച്ച WMA വിന്റർ കപ്പ് സീസൺ വൺ. അയർലൻഡിലെ ഇരുപതോളം സെവൻസ് ടീമുകളെ പങ്കെടുപ്പിച്ച് വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ ടൂർണമെന്റ് ടീമുകളുടെയും കാഴ്ചക്കാരുടേയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
ചിട്ടയോടെ മത്സരങ്ങൾ പൂർത്തിയാക്കിയതിനൊപ്പം ഐറിഷ് ഇന്റർനാഷണലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർതാരവുമായിരുന്ന ഡാറിൽ മർഫി മുഖ്യാതിഥിയായി എത്തിയതും വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ സംഘാടന മികവ് വ്യക്തമാക്കുന്നതായിരുന്നു.
മുപ്പതു വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ ഡബ്ലിനിൽ നിന്നുള്ള ഐറിഷ് ടസ്‌ക്കേഴ്‌സ് ജേതാക്കളായി . ഫൈനലിൽ വാട്ടർഫോഡ് ടൈഗേഴ്‌സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ടസ്‌ക്കേഴ്‌സ് ജേതാക്കളായത് .
വാട്ടർഫോർഡ് ടൈഗേഴ്‌സിലെ ഷിബുവിനെ മികച്ച താരമായും ജിബിനെ മികച്ച പ്രതിരോധ താരവുമായി തെരഞ്ഞെടുത്തു. ഐറിഷ് ടസ്‌ക്കേഴ്‌സിലെ ദീപക്കാണ് മികച്ച ഗോൾകീപ്പർ.
മുപ്പതു വയസിനു താഴെയുള്ളവരിൽ കിൽക്കെനി സിറ്റി എഫ് സിയാണ് ചാമ്പ്യൻമാരായത്. കിൽക്കെനി സിറ്റി എഫ് സി ഫൈനലിൽ ഡബ്ലിൻ യുണൈറ്റഡ് അക്കാദമിയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി .
കിൽക്കെനി സിറ്റിയുടെ ആൽബി മികച്ച താരമായും ഡബ്ലിൻ യുണൈറ്റഡ് അക്കാദമിയുടെ ജാസിം മികച്ച പ്രതിരോതാരമായും കിൽക്കെനി സിറ്റി എഫ് സിയുടെ ജിതിൻ റാഷിദ് മികച്ച ഗോൾ കീപ്പറുമായും തെരഞ്ഞെടുക്കപ്പെട്ടു. വാട്ടർഫോർഡ് കൗണ്ടി കൗൺസിലർ ഇമ്മോൺ ക്വിൻലാൻ ട്രോഫികൾ വിതരണം ചെയ്തു .
0 അഭിപ്രായങ്ങള്‍