എഫ് സി ബാഴ്സലോണയുടെ എക്കാലത്തേയും മികച്ച സെൻഡ്രൽ ഡിഫൻഡർമാരിൽ ഒരാളാണ് ജെറാർഡ് പിക്വേ. പ്രതിരോധ കോട്ട സുരക്ഷിതമാക്കുന്നതിനൊപ്പം ആക്രമണങ്ങൾക്ക് തുടക്കമിടുന്നതിലും പിക്വേ മിടുക്കനായിരുന്നു. ബാഴ്സലോണയുടെ നിരവധി നേട്ടങ്ങളിൽ പങ്കാളിയായ പിക്വേ കഴിഞ്ഞ ദിവസം തനിക്ക് ഏറ്റവും പ്രിയപ്പെട്ട അഞ്ച് താരങ്ങളെ തെരഞ്ഞെടുത്തു.
ദീർഘകാലം തന്റെ സഹതാരമായിരുന്ന ഫുട്ബോൾ ഇതിഹാസം ലിയണൽ മെസ്സിയെ ഈ അഞ്ചുപേരിൽ പിക്വേ ഉൾപ്പെടുത്തിയില്ല എന്നതാണ് ഏറ്റവും കൗതുകരമായ കാര്യം. ഹ്രിസ്റ്റോ സ്റ്റോയ്ച്കോവ്, റൊണാൾഡോ നസാരിയോ, റൊണാൾഡീഞ്ഞോ, ഫ്രാൻസെസ്കോ ടോട്ടി, ലൂയിസ് ഫിഗോ എന്നിവരെയാണ് ഏറ്റവും ഇഷ്ടപ്പെട്ട അഞ്ച് താരങ്ങളായി പിക്വേ തെരഞ്ഞെടുത്തത്.
ബാഴ്സലോണയുടെ യൂത്ത് അക്കാഡമി മുതൽ മെസ്സിയുടെ സഹതാരമായിരുന്നു പിക്വേ. ഇരുവരും ബാഴ്സലോണയിൽ 506 മത്സരങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. നിരവധി ട്രോഫികളും ഒരുമിച്ച് സ്വന്തമാക്കി. എന്നിട്ടും പിക്വേ അർജന്റൈൻ താരത്തെ ഒഴിവാക്കിയതാണ് എല്ലവാരെയും അത്ഭുതപ്പെടുത്തുന്നത്. മെസ്സി മാത്രമല്ല, സാവി,ഇനിയസ്റ്റ തുടങ്ങി ബാഴ്സലോണയിലേയും സ്പാനിഷ് ദേശീയ ടീമിലെ ആരേയും പിക്വേ പരിഗണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഇതേസമയം, മെസ്സിയും പിക്വേയും സ്വരച്ചേർച്ചയിൽ അല്ലെന്ന റിപ്പോർട്ടുകളും ശക്തമാണ്. മെസ്സി ബാഴ്സലോണ വിടാൻ പിക്വേയാണ് കാരണമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബാഴ്സലോണയുടെ ചെലവ് ചുരുക്കാൻ മെസ്സിയെ ടീമിൽ നിന്ന് ഒഴിവാക്കാമെന്ന നിർദേശം ആദ്യമായി മുന്നോട്ട് വച്ചത് പിക്വേയാണെന്നാണ് പുറത്തുവന്ന വിവരങ്ങൾ. ഇതിന് ശേഷം മെസ്സി സ്പാനിഷ് താരവുമായി അകന്നുവെന്നാണ് റിപ്പോർട്ടുകൾ.
0 അഭിപ്രായങ്ങള്‍