അഹമ്മദബാദ്: ഗുജറാത്തിന് എതിരായ രഞ്ജി ട്രോഫി സെമി ഫൈനലിന്റെ ഒന്നാം ദിനം കേരളം ഭേദപ്പെട്ട നിലയിൽ. ആദ്യ ദിവസത്തെ കളി നിർത്തുമ്പോൾ കേരളം നാല് വിക്കറ്റിന് 206 റൺസെന്ന നിലയിലാണ്. 69 റൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയും 30 റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസിൽ. ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
കരുതലോടെ ബാറ്റ് വീശിയ ഓപ്പണർമാർ കേരളത്തിന് മികച്ച തുടക്കമാണ് നല്കി. രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേർന്ന് ആദ്യ വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും നിലയുറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് അക്ഷയ് റണ്ണൌട്ടായത് കേരളത്തിന് തിരിച്ചടിയായി. തൊട്ടുപിന്നാലെ രവി ബിഷ്ണോയിയുടെ പന്തിൽ എൽബിഡബ്ല്യു ആയി രോഹൻ കുന്നുമ്മലും മടങ്ങി. ഇരുവരും 30 റൺസ് വീതം നേടി.
മൂന്നാമൻ വരുൺ നായനാർക്കും അധികം പിടിച്ചു നില്ക്കാനായില്ല. പ്രിയജിത് സിങ് ജഡേജയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഉർവ്വിൽ പട്ടേൽ പിടിച്ചാണ് പത്ത് റൺസെടുത്ത വരുൺ പുറത്തായത്. ഷോൺ റോജറിന് പകരമാണ് വരുൺ ടീമിലെത്തിയത്. പിന്നീടെത്തിയ ജലജ് സക്സേന ക്യാപ്റ്റൻ സച്ചിൻ ബേബിക്ക് മികച്ച പിന്തുണയായി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 71 റൺസെടുത്തു. 30 റൺസെടുത്ത ജലജ് സക്സേനയെ അർസൻ നഗ്വാസ്വെല്ല ക്ലീൻ ബൌൾഡാക്കി.
തുടർന്നെത്തിയ മുഹമ്മദ് അസറുദ്ദീനും സച്ചിൻ ബേബിയും ചേർന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇതുവരെ 49 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ശ്രദ്ധയോടെ ബാറ്റ് വീശിയ ക്യാപ്റ്റൻ സച്ചിൻ ബേബി 193 പന്തിൽ നിന്നാണ് 69 റൺസുമായി പുറത്താകാതെ നില്ക്കുന്നത്. എട്ട് ബൌണ്ടറികൾ അടങ്ങുന്നതാണ് സച്ചിന്റെ ഇന്നിങ്സ്. ബേസിൽ തമ്പിക്ക് പകരം കേരളം യുവതാരം അഹമ്മദ് ഇമ്രാനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
0 അഭിപ്രായങ്ങള്‍