ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച നമ്പർ 9 താരമാണ് റൊണാൾഡോ നസാരിയോ. ഇക്കാര്യത്തിൽ ഫുട്ബോൾ ലോകത്ത് ഒരുചർച്ചപോലും ഉണ്ടാവാറില്ല. റൊണാൾഡോയുടെ ഗോളടിമികവിനെ എല്ലാവരും ഒരുപോലെ അംഗീകരിക്കുന്നു. ക്ലബ് ഫുട്ബോളിലും അന്താരാഷ്ട്ര ഫുട്ബോളിലും ഒരുപോലെ മികവ് പുലർത്തിയ റൊണാൾഡോ രണ്ട് ലോകകപ്പ് വിജയത്തിൽ പങ്കാളിയായ അപൂർവതാരങ്ങളിൽ ഒരാളാണ്. തന്റെ കളിമികവ് തുറന്ന് പറയാനും റൊണാൾഡോയ്ക്ക് മടിയില്ല.
ലോകത്തിലെ പലരേക്കാളും മികച്ച താരം താനാണെന്ന് റൊണാൾഡോ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം റൊമാരിയോ ടി വിയിൽ എത്തിയപ്പോൾ റൊണാൾഡോ നസാരിയോ ഇക്കാര്യം ആവർത്തിച്ചു. തിയറി ഒൻറി, എർലിംഗ് ഹാലൻഡ്, റോബർട്ട് ലെവൻഡോവ്സ്കി, അഡ്രിയാനോ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരേക്കാൾ മികച്ച താരം താനാണെന്ന് റൊണാൾഡോ നസാരിയോ പറയുന്നു. എന്നാൽ ലിയണൽ മെസ്സിയുടെ സ്ഥാനം തനിക്ക് മുകളിലാണെന്നും റൊമാരിയോ തനിക്കൊപ്പമാണെന്നും ബ്രസീലിയൻ ഇതിഹാസം.
ക്ലബ് ഫുട്ബോളിൽ നിറഞ്ഞ് നിന്നെങ്കിലും റൊണാൾഡോയ്ക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാനായിട്ടില്ല. ബ്രസീലിയൻ താരത്തിന് സ്വന്തമാക്കാൻ കഴിയാതെ പോയ ഏക പ്രധാന ട്രോഫിയും ഇതാണ്. പക്ഷേ രണ്ടുതവണ ലോകകപ്പ് നേടിയ ടീമംഗം എന്ന മികവുകൊണ്ട് റൊണാൾഡോ നസാരിയോ ഇത് മറികടക്കുന്നു. ഇതേസമയം ലോകകപ്പ് നേടാത്ത ക്രിസ്റ്റ്യാനോ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരമാണ്. ചാമ്പ്യൻസ് ലീഗിലെ ടോപ് സ്കോറർ ഉൾപ്പടെ നിരവധി റെക്കോർഡുകളും ക്രിസ്റ്റ്യാനോയ്ക്ക് സ്വന്തം.
0 അഭിപ്രായങ്ങള്‍