ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരം ആരെന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായൊരു ഉത്തരമില്ല. എന്നാൽ താനാണ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും മികച്ച കംപ്ലീറ്റ് പ്ലെയറെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ അവകാശപ്പെടുന്നു. കഴിഞ്ഞയാഴ്ചയും റൊണാൾഡോ ഇക്കാര്യം അവകാശപ്പെട്ടിരുന്നു. ഇതിനെതിരെ നിരവധി താരങ്ങൾ രംഗത്ത് എത്തുകയും ചെയ്തു. ഇപ്പോഴിതാ റൊണാൾഡോയുടെ അവകാശവാദത്തോട് പ്രതികരിച്ചിരിക്കുകയാണ് സാക്ഷാൽ റൊണാൾഡോ നസാരിയോ.
ക്രിസ്റ്റ്യാനോ ലോകത്തിലെ ഏറ്റവും മികച്ച താരമല്ലെന്നും എന്നാൽ ആദ്യ പത്തിൽ പോർച്ചുഗീസ് താരത്തിന് ഇടമുണ്ടെന്നും ബ്രസീലിയൻ ഇതിഹാസം പറയുന്നു. റൊണാൾഡോ നസാരിയോയുടെ വാക്കുകൾ ഇങ്ങനെയാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവകാശവാദത്തെക്കുറിച്ച് സംസാരിക്കാൻ എനിക്ക് താൽപര്യമില്ല. കാരണം ചിലതാരങ്ങൾ അവരെക്കുറിച്ച് വലിയകാര്യങ്ങൾ പറഞ്ഞുവയ്ക്കും. എന്നെക്കുറിച്ച് ഞാൻ സ്വയം സംസാരിക്കുന്നതിനേക്കാൾ മറ്റുള്ളവർ പറയുന്നത് കാണാനും കേൾക്കാനുമാണ് ഇഷ്ടപ്പെടുന്നത്. ക്രിസ്റ്റ്യാനോയ്ക്ക് വളരെ മികച്ചൊരു കരിയറുണ്ടെന്ന കാര്യത്തിൽ സംശയമില്ല. നിരവധി വിജയങ്ങളും ട്രോഫികളും സ്വന്തമാക്കി. സാധ്യമായ രീതിയിലെല്ലാം ഗോളുകൾ നേടിയിട്ടുണ്ട്. എക്കാലത്തേയും മികച്ച താരങ്ങളുടെ പട്ടികയിൽ തീർച്ചയായും ക്രിസ്റ്റ്യാനോ ഉണ്ടാവും. പക്ഷേ, അതൊരിക്കലും ഒന്നാംസ്ഥാനത്ത് ആയിരിക്കില്ല. ആദ്യ പത്തിനുള്ളിലായിരിക്കും. എന്റെ അഭിപ്രായത്തിൽ പെലെയാണ് ലോകത്തിലെ ഒന്നാം നമ്പർ താരം. രണ്ടാം സ്ഥാനം മെസ്സിയും റൊണാൾഡോയും പങ്കിടും.
ഇവർക്ക് പിന്നാലെ സിക്കോ, റൊമാരിയോ, ക്രിസ്റ്റ്യാനോ റൊണാൾഡോ,വാൻ ബാസ്റ്റൻ, സിദാൻ, ഫിഗോ, റിവാൾഡോ, റൊണാൾഡീഞ്ഞോ തുടങ്ങി നിരവധി താരങ്ങളുണ്ട്. ഉറപ്പായും പലപേരുകളും ഞാൻ വിട്ടുപോയിട്ടുണ്ടാവും. ഓരോ തവണ ചോദിക്കുന്പോഴും താരങ്ങളുടെ പട്ടികയിൽ വ്യത്യാസമുണ്ടാവും. കാരണം ലോകത്തിൽ അത്രയധികം മികച്ച താരങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ മാത്രം മാറ്റം ഉണ്ടാവില്ലെന്നും റൊണാൾഡോ നസാരിയോ പറഞ്ഞു.
0 അഭിപ്രായങ്ങള്‍