രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്ക്കെതിരെ ഒന്നാം ഇന്നിംഗ്സിനായി കേരളം പൊരുതുന്നു. വിദർഭയുടെ ഒന്നം ഇന്നിംഗ്സ് സ്കോറായ 379 റൺസ് പിന്തുടരുന്ന കേരളം രണ്ടാം ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റിന് 131 റൺസ് എന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കേ ആദ്യ ഇന്നിംഗ്സിൽ കേരളം ഇപ്പോഴും 248 റൺസ് പിന്നിലാണ്. സ്റ്റംപെടുക്കുമ്പോൾ 66 റൺസുമായി ആദിത്യ സർവാദെയും ഏഴ് റൺസുമായി നായകൻ സച്ചിൻ ബേബിയുമാണ് ക്രീസിൽ.
തകർച്ചയോടെയായിരുന്നു കേരളത്തിന്റെ ബാറ്റിംഗ് തുടങ്ങിയത്. ഓപ്പണർ രോഹൻ കുന്നുമ്മൽ പൂജ്യത്തിനും അക്ഷയ് ചന്ദ്രൻ പതിനാലും റൺസിന് പുറത്തായി. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ തന്നെ കേരളത്തിന് രോഹനെ നഷ്ടമായി. ഇതോടെ വിദർഭയുടെ മുൻതാരമായ ആദിത്യ സർവാദെയെയാണ് കേരളം മൂന്നാമനായി ക്രീസിലിറക്കിയത്. വൈകാതെ അക്ഷയ് ചന്ദ്രനും പുറത്തായി. ഇരുവരെയും ദർശൻ നൽകണ്ടെയാണ് വിക്കറ്റ് പിഴുത് പുറത്താക്കിയത്.
നാലാമനായി കേരളം ക്രീസിലേക്ക് വിട്ടത് യുവതാരം അഹമ്മദ് ഇമ്രാനെ ആയിരുന്നു. സർവാദെ, ഇമ്രാൻ കൂട്ടുകെട്ട് തകർച്ച ഒഴിവാക്കി കേരളത്തെ കാത്തു. 83 പന്തിൽ മൂന്ന് ഫോറുകളോടെ 37 റൺസെടുത്ത ഇമ്രാനെ യഷ് താക്കൂർ പുറത്താക്കി. 120 പന്തിൽ പത്ത് ഫോറുകളോടെയാണ് സർവാദെ 66 റൺസുമായി ബാറ്റിംഗ് തുടരുന്നത്. സച്ചിൻ ബേബി 23 പന്തിൽ നിന്നാണ് ഏഴ് റൺസെടുത്തത്.
രണ്ടാം ദിനം രാവിലെ നാല് വിക്കറ്റിന് 254 റൺസുമായിബാറ്റിംഗ് പുനരാരംഭിച്ച വിദർഭയ്ക്ക് 125 റൺസ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ. 153 റൺസിൽ മാലെവാറിനെ പുറത്താക്കി പേസർ എൻ പി ബേസിലാണ് കേരളത്തിന് ആദ്യ ബ്രേക്ക് നൽകിയത്. ബേസിലിന്റെ പന്തിൽ മാലെവാറിന്റെ വിക്കറ്റ് തെറിച്ചു. വൈകാതെ യഷ് താക്കൂറിനെ ബേസിൽ വിക്കറ്റിന് മുന്നിൽ കുടുക്കി. അപകടകാരികളായ യഷ് റാത്തോഡിനെയും അക്ഷയ് വാഡ്കറിനെയും പുറത്താക്കി യുവതാരം ഏദൻ ആപ്പിൾ ടോം കേരളത്തിന് പ്രതീക്ഷ നൽകി.
സീസണിലെ ഏറ്റവും മികച്ച റൺവേട്ടക്കാരായ റാത്തോഡിനെ മൂന്ന് റണ്ണിനും വാഡ്കറെ 23 റൺസിനുമാണ് ഏദൻ പുറത്താക്കിയത്. അക്ഷയ് കർനെവാറിനെ ജലജ് സക്സേനയുടെ പന്തിൽ രോഹൻ കുന്നുമ്മൽ പറന്നുപിടിച്ചു. മത്സരം സമനിലയിൽ അവസാനിച്ചാൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്നവരാണ് ചാമ്പ്യൻമാരാവുക. ബാറ്റിംഗിനെ തുണയ്ക്കുന്ന വിക്കറ്റിൽ വിദർഭയെ ഒന്നാം ഇന്നിംസ് ലീഡിലൂടെ മറികടക്കുകയാണ് ഇനി കേരളത്തിന് മുന്നിലുള്ള വെല്ലുവിളി.
ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെതിരെയും സെമിയിൽ ഗുജറാത്തിനെതിരെയും നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡിലൂടെയാണ് കേരളം മുന്നേറിയത്. കശ്മീരിനെതിരെ ഒരു റൺ ലീഡ് നേടിയപ്പോൾ ഗുജറാത്തിനെതിരെ രണ്ടുറൺ ലീഡാണ് കേരളത്തെ രക്ഷിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലിൽ കളിക്കുന്നത്. ഇതിന് മുൻപ് രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും വിദർഭ കേരളത്തെ തോൽപിച്ചിരുന്നു.
0 അഭിപ്രായങ്ങള്‍