വിദർഭയ്ക്കെതിരായ രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിന്റെ ശക്തമായ തിരിച്ചുവരവ്. രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് കളി നിർത്തുമ്പോൾ വിദർഭ ഒൻപത് വിക്കറ്റിന് 373 റൺസ് എന്ന നിലയിലാണ്. നാല് വിക്കറ്റിന് 254 റൺസുമായാണ് വിദർഭ രണ്ടാം ദിവസം ക്രീസിലെത്തിയത്.
138 റൺസുമായി ഡാനിഷ് മാലെവറും അഞ്ച് റൺസുമായി യഷ് താക്കൂറുമാണ് ബാറ്റിംഗ് പുനരാരംഭിച്ചത്. 153 റൺസിൽ മാലെവാറിനെ പുറത്താക്കി പേസർ എൻ പി ബേസിലാണ് കേരളത്തിന് ആദ്യ ബ്രേക്ക് നൽകിയത്. ബേസിലിന്റെ പന്തിൽ മാലെവാറിന്റെ വിക്കറ്റ് തെറിച്ചു. വൈകാതെ യഷ് താക്കൂറിനെ ബേസിൽ വിക്കറ്റിന് മുന്നിൽ കുടുക്കി. പത്ത് റൺസുമായി ഹർഷ് ദുബേയും 28 റൺസുമായി നചികേത് ബൂട്ടേയുമാണ് ക്രീസിൽ.
അപകടകാരികളായ യഷ് റാത്തോഡിനെയും അക്ഷയ് വാഡ്കറിനെയും പുറത്താക്കി യുവതാരം ഏദൻ ആപ്പിൾ ടോം കേരളത്തിന് പ്രതീക്ഷ നൽകി. സീസണിലെ ഏറ്റവും മികച്ച റൺവേട്ടക്കാരായ റാത്തോഡിനെ മൂന്ന് റണ്ണിനും വാഡ്കറെ 23 റൺസിനുമാണ് ഏദൻ പുറത്താക്കിയത്. അക്ഷയ് കർനെവാറിനെ ജലജ് സക്സേനയുടെ പന്തിൽ രോഹൻ കുന്നുമ്മൽ പറന്നുപിടിച്ചു.
ഏദൻ ആപ്പിൾ ടോം മൂന്നും എൻ പി ബേസിലും എം ഡി നിധീഷും രണ്ടുവീതവും ജലജ് സക്സേന ഒരുവിക്കറ്റും നേടി.
മത്സരം സമനിലയിൽ അവസാനിച്ചാൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്നവരാണ് ചാമ്പ്യൻമാരാവുക. ബാറ്റിംഗിനെ തുണയ്ക്കുന്ന വിക്കറ്റിൽ വിദർഭയെ ഒന്നാം ഇന്നിംസ് ലീഡിലൂടെ മറികടക്കുകയാണ് ഇനി കേരളത്തിന് മുന്നിലുള്ള വെല്ലുവിളി.
0 അഭിപ്രായങ്ങള്‍