തകർച്ചയുടെ നെല്ലിപ്പടിയിലാണ് ബ്രസീൽ. സമീപകാലത്തെ തുടർ തിരിച്ചടികളിൽ അവസാനത്തെ പ്രഹരമായിരുന്നു ലോകകപ്പ് യോഗ്യതാ റൌണ്ടിൽ അർജന്റീനയോടേറ്റ തോൽവി. ഒന്നിനെതിരെ നാല് ഗോളിനായിരുന്നു ബ്രസീൽ നാണംകെട്ടത്. തോൽവിക്ക് പിന്നാലെ കോച്ച് ഡോറിവാൾ ജൂനിയറെ പുറത്താക്കിയാണ് ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ ആരാധകരെ ശാന്തരാക്കാൻ ശ്രമിച്ചത്. പക്ഷേ ഇതുകൊണ്ടൊന്നും പരിഹരിക്കാവുന്ന പ്രശ്നങ്ങളിലൂടെയല്ല ഇപ്പോൾ ബ്രസീൽ ഫുട്ബോൾ കടന്നുപോകുന്നത്.
2014 ലോകകപ്പ് സെമിഫൈനലിൽ സ്വന്തം തട്ടകമായ ബെലോ ഹൊറിസോണ്ടോയിൽ ജർമ്മനിയോടേറ്റ തോൽവിയിൽ തുടങ്ങിയതാണ് ബ്രസീലിന്റെ പിന്നോട്ടുള്ള നടത്തം. ഒന്നിനെതിരെ ഏഴ് ഗോളിനാണ് ജർമ്മനി നെയ്മർ ഇല്ലാതെ ഇറങ്ങിയ ബ്രസീലിനെ നാണംകെടുത്തിയത്. ഇതിന് ശേഷം രണ്ട് ലോകകപ്പുകൾ കൊഴിഞ്ഞുപോയി. ഡുംഗ, ടിറ്റെ, റമോൺ മെനേസസ്, ഫെർണാണ്ടോ ഡിനിസ്, ഡോറിവാൾ ജൂനിയർ എന്നിവർ പരിശീലകരായി മാറിമാറിവന്നു. റഷ്യയിലും ഖത്തറിലും ക്വാർട്ടർ ഫൈനലിനപ്പുറം കടക്കാൻ ബ്രസീലിനായില്ല.
പ്രതാപകാലത്തെ ഓർമ്മകൾ ഏറെ പറയാനുണ്ടെങ്കിലും ബ്രസീൽ ഫുട്ബോൾ കടന്നുപോകുന്ന ദിനങ്ങൾ ആരാധകരെ തീർത്തും നിരാശപ്പെടുത്തുന്നതാണ്. ഗോളുകൾ അടിക്കാൻ കഴിയാതെ കിതയ്ക്കുമ്പോൾ ഗോളുകൾ വാങ്ങിക്കൂട്ടാൻ ഒരുമടിയുമില്ലാത്താ ടീമായിരിക്കുന്നു ബ്രസീൽ. നല്ല നാളെകൾ പ്രതീക്ഷിക്കാൻപോലും അശക്തരാണിപ്പോൾ ലോകമെമ്പാടുമുള്ള ബ്രസീൽ ആരാധകർ.
2026 ലോകകപ്പിന് പതിനെട്ട് മാസം മാത്രം ശേഷിക്കേ, ലിയണൽ മെസ്സിയില്ലാത്ത അർജന്റീനയോടേറ്റ കനത്ത തോൽവി ബ്രസീലിന് നൽകുന്ന ആഘാതം ചെറുതല്ല. ലാറ്റിനമേരിക്കയിൽ നിന്ന് ആറ് ടീമുകൾ നേരിട്ട് 2026 ലോകകപ്പിലേക്ക് യോഗ്യതനേടുമെന്നത് മാത്രമാണ് നിലവിലെ ആശ്വാസം. പക്ഷേ 48 ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പിൽ ഈ കളിയുമായി ഇറങ്ങിയാൽ ബ്രസീലിനെ കാത്തിരിക്കുന്നത് വൻദുരന്തം. ലോകകപ്പിന് മുന്നേതന്നെ ബ്രസീൽ ആരാധകരുടെ ഉറക്കം നഷ്ടപ്പെടുന്ന ദയനീയ അവസ്ഥയാണിപ്പോൾ.
ബ്രസീലിന് എന്തുപറ്റി?. ഫുട്ബോൾ ലോകം ഒരുപോലെ ഉയർത്തുന്ന ചോദ്യമാണിത്. വിഖ്യാത ഫുട്ബോൾ ജേർണലിസ്റ്റ് സൈമൺ കൂപ്പർ ഈ ചോദ്യത്തിന് നൽകുന്ന ഉത്തരം ഇങ്ങനെയാണ്. ബ്രസീൽ എന്നും പെലെയുടെ ടീമാണ്. കുറച്ചുകാലം ബ്രസീൽ റൊണാൾഡോയുടെ ടീമായിരുന്നു. റൊണാൾഡോയ്ക്ക് ശേഷം യൂറോപ്പിനോട് കിടപിടിക്കാൻ വിയർക്കുന്ന ബ്രസീലിനെയാണ് കണ്ടത്. ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റാൻ മികവും കഴിവുമുള്ള താരങ്ങളുടെ അഭാവം ബ്രസീലിനെ നിലയില്ലാക്കയത്തിലേക്ക് തള്ളിയിട്ടുവെന്നും സൈമൺ കൂപ്പർ വിലയിരുത്തുന്നു.
2006 ലോകകപ്പിൽ ഫ്രാൻസും 2010ൽ നെതർലൻഡ്സും 2014ൽ ജർമ്മനിയും 2018ൽ ബെൽജിയവും 2022ൽ ക്രോയേഷ്യയുമാണ് ബ്രസീലിന്റെ കഥകഴിച്ചത്. 2002 ലോകപ്പിൽ ജർമ്മനിയെ തോൽപിച്ച് കിരീടം നേടിയതിന് ശേഷം അഞ്ചുതവണയും ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്തായത് യൂറോപ്യൻ ടീമുകളോട് തോറ്റാണ്. ബ്രസീൽ ടീമിൽ എല്ലാവരും മോശമായി കളിക്കുന്നു. എതിരാളികളെല്ലാവരും നന്നായി കളിക്കുന്നു. സ്വാഭാവികമായും തോൽവിയുടെ ഭാരം ബ്രസീലിലേക്കെത്തുന്നു. ഈ പതിവ് മാറ്റാൻ ബ്രസീലിയൻ താരങ്ങൾക്ക് കഴിയുമോയെന്നതാണ് ഇപ്പോഴത്തെ പൊന്നുംവിലയുള്ള ചോദ്യം.
പ്രവചന സ്വഭാവത്തിൽ, കൃത്യമായൊരു ഉത്തരം പ്രയാസമാണെങ്കിലും സാധ്യത കുറവാണെന്ന വിലയിരുത്തലിലേക്ക് എത്തേണ്ടിവരുമെന്നതാണ് യാഥാർഥ്യം. ബ്രസീൽ ഫുട്ബോൾ ഈ തിരിച്ചടികൾ നേരിടാനുള്ള കാരണം , കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടിയിട്ടുല്ല മാരിയോ സഗാലോ നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. വർഷങ്ങൾക്ക് മുന്നേ സഗാലോ പറഞ്ഞത് ഇങ്ങനെ.. കളിക്കളത്തിൽ ചുവട് ഉറയ്ക്കുമ്പോഴേക്കും ബ്രസീൽ താരങ്ങൾ യൂറോപ്യൻ ക്ലബുകളിലേക്ക് ചേക്കേറുകയാണ്. അവർക്ക് കൈനിറയെ പണംകിട്ടുന്നുണ്ടാവും. പക്ഷേ, അവരുടെ ബ്രസീലിയൻ ഫുട്ബോളിന്റെ വേരുകളാണ് ഇതിലൂടെ അറ്റുപോകുന്നത്. ബ്രസീലിന്റെ ചാരുത നഷ്ടമാവുന്ന താരങ്ങൾ യൂറോപ്പിന്റെ യാന്ത്രികതയിലേക്ക് തളയ്ക്കപ്പെടുന്നു. പെലെ, ഗാരിഞ്ച, സീക്കോ, റൊമാരിയോ, റൊണാൾഡോ എന്നിവർക്ക് ശേഷം അസാധാരണ താരങ്ങൾ ഉണ്ടാവാത്തതിന് കാരണം യൂറോപ്പിലേക്കുള്ള നേരത്തേയുള്ള കൂടുമാറ്റമാണെന്നും സഗാലോ.
സാംബാ നൃത്തച്ചുവടുകളോടെ ഒരേമനസ്സോടെ ഒരേതാളത്തോടെ ബ്രസീലിയൻ താരങ്ങൾ കളിക്കളം വാണപ്പോഴെല്ലാം പെലെയും ഗാരിഞ്ചയും റൊണാൾഡോയുള്ള താരങ്ങളുടെ വ്യക്തിഗത മികവും അതിനിർണായകമായിരുന്നു. താരങ്ങളുടെ നിലവാരം കുത്തനെ ഇടിഞ്ഞതിനൊപ്പം വ്യക്തിഗത മികവുള്ള താരങ്ങളുടെ അഭാവവും ബ്രസീലിയൻ ഫുട്ബോളിന്റെ വീഴ്ചയുടെ ആഘാതമേറ്റുന്നു. ഇപ്പോഴും ബ്രസീലിയൻ ഫുട്ബോളിൽ സ്വപ്നം കാണുന്നവർ 2002 ആവർത്തികുമെന്ന പ്രതീക്ഷയിലാണ്.
ജപ്പാനും കൊറിയയും സംയുക്ത വേദിയായ 2002ലെ ലോകകപ്പിന് തട്ടിമുട്ടിയാണ് ബ്രസീൽ യോഗ്യത നേടിയത്. എല്ലാവരും എഴുതിത്തള്ളിയ ബ്രസീൽ ജപ്പാനിൽ നിന്ന് മടങ്ങിയത് അഞ്ചാം ലോകകിരീടവുമായിട്ടായിരുന്നു. പക്ഷേ, റൊണാൾഡോയും റൊണാൾഡീഞ്ഞോയും റിവാൾഡോയുമെല്ലാം ഉൾപ്പെട്ട താരനിരയുമായി ഇപ്പോഴത്തെ ബ്രസീലിയൻ ടീമിനെ താരതമ്യം ചെയ്യാൻപോലും കഴിയില്ലെന്നതും വസ്തുതയാണ്. എങ്കിലും ആരാധകർക്ക് പ്രതീക്ഷിക്കാം. കാരണം ഇത് ബ്രസീലാണ്. പെലെയുടെ പിൻഗാമികളാണ്. സെലസാവോയുടെ മഞ്ഞക്കുപ്പായക്കാരാണ്.
0 അഭിപ്രായങ്ങള്‍